ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്തി ഓഹരി വിപണി. ആഭ്യന്തര സൂചികകൾ മുന്നേറിയതോടെയാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചത്. ഇതോടെ, മൂന്ന് ദിവസം തുടർച്ചയായി നേരിട്ട കനത്ത ഇടിവിനാണ് ഇന്ത്യൻ ഓഹരി വിപണി വിരാമമിട്ടത്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയിലും, ഐടി ഓഹരികളിലും മികച്ച വാങ്ങൽ താൽപ്പര്യം നിലനിന്നത് ഇന്ത്യൻ ഓഹരി സൂചികകൾക്ക് കരുത്ത് പകർന്നിട്ടുണ്ട്. ബിഎസ്ഇ സെൻസെക്സ് 480.57 പോയിന്റാണ് ഇന്ന് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,721.25-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 135.35 പോയിന്റ് നേട്ടത്തിൽ 19,517-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഗോള വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, ഏഷ്യൻ സൂചികകളെ അവ കാര്യമായി ബാധിച്ചിട്ടില്ല. അമേരിക്കൻ ഓഹരികൾ തളർച്ച നേരിട്ടപ്പോൾ, ഏഷ്യൻ ഓഹരികൾ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. സെൻസെക്സിൽ ഇന്ന് ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, വിപ്രോ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി. നിഫ്റ്റിയിൽ സൊമാറ്റോ, എൽഐസി ഹൗസിംഗ് ഫിനാൻസ്, ഇൻഫോ എഡ്ജ്, ഡെൽഹിവെറി തുടങ്ങിയവയാണ് നേട്ടം കൈവരിച്ചത്. അതേസമയം, എസ്ബിഐ, എൻടിപിസി, മാരുതി സുസുക്കി, ബജാജ് ഫിൻസെർവ്, പവർഗ്രിഡ് തുടങ്ങിയവയുടെ ഓഹരികൾക്ക് നിറം മങ്ങി.