വ്യാജ ഉൽപ്പന്നങ്ങൾക്ക് പൂട്ടിട്ട് ഇന്ത്യൻ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ. കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 42 ലക്ഷം വ്യാജ ഉൽപ്പന്നങ്ങളാണ് പ്ലാറ്റ്ഫോമിൽ നിന്നും മീഷോ നീക്കം ചെയ്തിരിക്കുന്നത്. കൂടാതെ, 12,000 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും, 10 ലക്ഷം നിയന്ത്രിത ഉൽപ്പന്നങ്ങൾ പ്ലാറ്റ്ഫോമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വ്യാജ ഉൽപ്പന്നങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മീഷോ നടപടി കടുപ്പിച്ചത്.
വ്യാജ ഉൽപ്പന്നങ്ങളെ നീക്കം ചെയ്തതിനു പുറമേ, നിലവിലുള്ള ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനകൾ കർശനമാക്കാനും മീഷോ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ വ്യാജ ഉൽപ്പന്നങ്ങളെയും, മോശം വിൽപ്പനക്കാരെയും ഫലപ്രദമായി തിരിച്ചറിയാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ, അനലിറ്റിക്കൽ മോഡുകളുടെ സഹായത്തോടെയാണ് വ്യാജന്മാരെ തിരിച്ചറിയുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ 18,000-ലധികം ബ്രാൻഡുകൾ ഉൾപ്പെടുന്ന പ്രത്യേക ‘സുരക്ഷാ ലിസ്റ്റ്’ ഇതിനോടകം മീഷോ തയ്യാറാക്കിയിട്ടുണ്ട്.