എസ്ബിഐ അമൃത് കലാശ്: പദ്ധതിയിൽ അംഗമാകാൻ ശേഷിക്കുന്നത് ഇനി 2 ആഴ്ച


മുതിർന്ന പൗരന്മാർക്കും, സാധാരണ പൗരന്മാർക്കും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അമൃത് കലാശ് പദ്ധതിയിൽ അംഗമാകാനുള്ള കാലാവധി ഈ മാസം അവസാനിക്കും. ഓഗസ്റ്റ് 15 വരെയാണ് ഈ സ്പെഷ്യൽ സ്ഥിര നിക്ഷേപ പദ്ധതിയിൽ അംഗമാകാൻ സാധിക്കുക. ഈ വർഷം ഫെബ്രുവരി 15 മുതലാണ് എസ്ബിഐ അമൃത് കലാശ് പദ്ധതി ആരംഭിച്ചത്. 400 ദിവസം കാലാവധിയുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപ പദ്ധതിയാണ് അമൃത് കലാശ്.

ഈ പദ്ധതിക്ക് കീഴിൽ സാധാരണ ഉപഭോക്താക്കൾക്ക് 7.1 ശതമാനം പലിശയും, മുതിർന്ന പൗരന്മാർക്ക് 7.6 ശതമാനം പലിശയുമാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് എസ്ബിഐ ബ്രാഞ്ച്, ഇന്റർനെറ്റ് ബാങ്കിംഗ്, എസ്ബിഐ യോനോ ആപ്പ് എന്നിവ വഴി പദ്ധതിയിൽ അംഗമാകാവുന്നതാണ്. പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക ഇടവേളകളിലാണ് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് പലിശ എത്തുക. ഈ പദ്ധതിക്ക് ആദായനികുതി നിയമപ്രകാരമുള്ള നികുതി ബാധകമാണ്. കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് അകാല പിൻവലിക്കലും, വായ്പാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.