യുപിഐ പേയ്മെന്റുകളിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം, ജൂലൈയിലെ കണക്കുകൾ അറിയാം


രാജ്യത്ത് യുപിഐ പേയ്മെന്റുകളിൽ റെക്കോർഡ് മുന്നേറ്റം തുടരുന്നു. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈയിലെ യുപിഐ ഇടപാടുകൾ 996 കോടിയായാണ് ഉയർന്നത്. ജൂൺ മാസത്തെ ഇടപാടുകളിൽ നേരിയ ഇടിവ് നേരിട്ടെങ്കിലും, ജൂലൈയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. ജൂൺ മാസത്തേക്കാൾ 6 ശതമാനം വർദ്ധനവാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്.

ഇടപാടുകളുടെ എണ്ണത്തിന് പുറമേ, ഇത്തവണ ഇടപാട് മൂല്യവും ഉയർന്നിട്ടുണ്ട്. ഇടപാട് മൂല്യം ജൂണിലെ 14.75 ലക്ഷം കോടി രൂപയിൽ നിന്നും 4 ശതമാനം വർദ്ധിച്ച് 15.34 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഇടപാടുകളിൽ 58 ശതമാനത്തിന്റെയും, ഇടപാട് മൂല്യത്തിൽ 44 ശതമാനത്തിന്റെയും വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ, ഓരോ 3 ദിവസത്തിലും ഏകദേശം 100 കോടി യുപിഐ പേയ്മെന്റുകൾ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. വരും മാസങ്ങളിൽ ഉത്സവ സീസൺ ആരംഭിക്കുന്നതിനാൽ, യുപിഐ പേയ്മെന്റുകൾ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. രാജ്യത്ത് അതിവേഗത്തിൽ പ്രചാരം നേടിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമാണ് യുപിഐ.