അടിമുടി മാറാൻ എയർ ഇന്ത്യ എക്സ്പ്രസ്, സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു

പ്രവാസി യാത്രക്കാർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. ഇത്തവണ കമ്പനി സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്. ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസുകളുടെ എണ്ണമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ, ഈ സ്ഥലങ്ങളിലേക്ക് ആഴ്ചയിൽ 6 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക. മുൻപ് 5 സർവീസുകളാണ് നടത്തിയിരുന്നത്.

ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ചയാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ, ദുബായിലേക്ക് പ്രതിവാര സർവീസുകളുടെ എണ്ണം 28 ആയും, അബുദാബിയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 40 ആയും ഉയർന്നു. തിരുവനന്തപുരത്തുനിന്ന് ഏറ്റവും കൂടുതൽ വിദേശ സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്. പ്രതിവാരം 70 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്.