മാർച്ചിൽ രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 5.66 ശതമാനമായി കുറഞ്ഞു

ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ 6 ശതമാനത്തിന് മുകളിൽ നിലനിന്നതിന് ശേഷം മാർച്ചിലെ ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കംഫർട്ട് സോണിനുള്ളിൽ തിരിച്ചെത്തിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള (സിപിഐ) പണപ്പെരുപ്പം 5.66 ശതമാനമായി കുറഞ്ഞുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കണക്കുകൾ അനുസരിച്ച്, ഗ്രാമീണ പണപ്പെരുപ്പം 5.51 ശതമാനവും നഗര പണപ്പെരുപ്പം 5.89 ശതമാനവുമാണ്. അതേസമയം, ഉപഭോക്തൃ ഭക്ഷ്യവില സൂചിക ഫെബ്രുവരിയിലെ 5.95 ശതമാനത്തിൽ നിന്ന് 4.79 ശതമാനമായും കുറഞ്ഞത് ആശ്വാസമാണ്.

പുതിയ കണക്കുകൾ സെൻട്രൽ ബാങ്കിന് ആശ്വാസമേകുന്നതാണ്. നേരത്തെ തുടർച്ചയായി വർദ്ധനയ്ക്ക് ശേഷം അതിന്റെ അവസാന നയ അവലോകനത്തിൽ പ്രധാന നിരക്കുകൾ ആർബിഐ മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. 2023 ഫെബ്രുവരിയിൽ റീട്ടെയിൽ പണപ്പെരുപ്പം 6.44 ശതമാനവും ജനുവരിയിൽ 6.52 ശതമാനവുമായിരുന്നു, ഡിസംബറിൽ 12 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.72 ശതമാനത്തിലേക്ക് താഴ്ന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഈ വർഷം ഇതാദ്യമായാണ് റീട്ടെയിൽ പണപ്പെരുപ്പം ആർബിഐയുടെ ഉയർന്ന സഹിഷ്‌ണുത പരിധിയായ 6 ശതമാനത്തിൽ താഴെ വരുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എന്നിരുന്നാലും, മാർച്ചിലെ പണപ്പെരുപ്പത്തിൽ ഉണ്ടായിരിക്കുന്ന ഇടിവ് വരും മാസങ്ങളിലും സമാനമായ പ്രവണത കാണിക്കുമെന്ന അർത്ഥമാക്കുന്നതല്ലെന്ന് വിദഗ്‌ധർ നേരത്തെ പറഞ്ഞിരുന്നു.

മാർച്ചിൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും, പാൽ, പഞ്ചസാര, പയർവർഗങ്ങൾ തുടങ്ങിയ ചില അവശ്യ ഭക്ഷ്യവസ്‌തുക്കളുടെ വില ഉയർന്ന നിലയിൽ തുടരുകയാണ് എന്നത് ഇപ്പോഴും തിരിച്ചടിയാണ്. മുന്നോട്ട് പോകുമ്പോൾ, ഇന്ത്യയിൽ ഉഷ്‌ണതരംഗങ്ങൾ കൂടുതൽ നീണ്ടു നിൽക്കുകയാണെങ്കിൽ റീട്ടെയിൽ പണപ്പെരുപ്പം വീണ്ടും വർദ്ധിച്ചേക്കാമെന്ന അഭിപ്രായവും വിദഗ്‌ധർ പങ്ക് വയ്ക്കുന്നു.

വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് അടുത്തിടെ നടത്തിയ സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത് ഈ സാമ്പത്തിക വർഷാവസാനം വരെ ആർബിഐയുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരുമെന്നാണ്. അവർ പറയുന്നതനുസരിച്ച്, സാമ്പത്തിക വളർച്ചയിലും ഉയർന്ന പണപ്പെരുപ്പത്തിലും മുൻകാല വർദ്ധനവിന്റെ കാലതാമസം വരുത്തിയ ആഘാതം ആർബിഐ ആദ്യം വിലയിരുത്തും.

അടുത്തിടെ സമാപിച്ച ഏപ്രിലിലെ നയ അവലോകനത്തിൽ, തുടർച്ചയായ ആറ് വർദ്ധനവിന് ശേഷം പ്രധാന റിപ്പോ നിരക്ക് 6.50 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് ആർബിഐ മിക്ക വിശകലന വിദഗ്‌ധരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ആവശ്യമെങ്കിൽ കൂടുതൽ വർദ്ധനകൾക്കായി സാധ്യതകളും ഇത് തുറന്നിട്ടിരുന്നു.