ഈ വർഷം ആഗോള സാമ്പത്തിക വളർച്ചയുടെ പകുതിയോളം ഇന്ത്യയും ചൈനയും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മാനേജിംഗ് ഡയറക്‌ടർ ക്രിസ്‌റ്റലീന ജോർജീവ വ്യാഴാഴ്‌ച പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും, റഷ്യ-യുക്രൈൻ യുദ്ധത്തിനുശേഷമുള്ള സാഹചര്യത്തിലും ലോക സമ്പദ്‌വ്യവസ്ഥ നേരിടുന്ന കുത്തനെയുള്ള മാന്ദ്യം തുടരുമെന്ന് ഐഎംഎഫ് മേധാവി പറഞ്ഞു, 2023ൽ ഇത് 3 ശതമാനത്തിൽ താഴെ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
“സാമ്പത്തിക പ്രവർത്തനത്തിന്റെ സാവധാനത്തിലുള്ള വളർച്ചയുടെ കാലയളവ് ഇനിയും നീണ്ടുനിൽക്കും, അടുത്ത അഞ്ച് വർഷം 3 ശതമാനത്തിൽ താഴെ വളർച്ചയ്ക്ക് ആയിരിക്കും നമ്മൾ സാക്ഷ്യം വഹിക്കുക, 1990ന് ശേഷമുള്ള ഞങ്ങളുടെ ഏറ്റവും കുറഞ്ഞ ഇടത്തരം വളർച്ചാ പ്രവചനമാണിത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ ശരാശരിയായ 3.8 ശതമാനത്തിന് താഴെയാണ് ഈ കണക്ക്” ജോർജീവ കൂട്ടിച്ചേർത്തു.
“വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിൽ നിന്നാണ് മുന്നേറ്റം പ്രകടമാകുന്നത്–പ്രത്യേകിച്ച് ഏഷ്യ ഒരു പ്രതീക്ഷയുള്ള ഇടമാണ്. 2023ൽ ആഗോള വളർച്ചയുടെ പകുതിയോളം ഇന്ത്യയും ചൈനയും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” അവർ വിശദീകരിച്ചു.
“2021ൽ ശക്തമായ വീണ്ടെടുപ്പിന് ശേഷം യുക്രൈനിലെ റഷ്യയുടെ യുദ്ധത്തിന്റെ കടുത്ത ആഘാതവും അതിന്റെ വ്യാപകമായ അനന്തരഫലങ്ങളും മൂലം 2022ലെ ആഗോള വളർച്ച ഏകദേശം പകുതിയായി കുറഞ്ഞു, 6.1 ശതമാനത്തിൽ നിന്ന് 3.4 ശതമാനമായി മാറി.” ജോർജീവ പറഞ്ഞു.
മന്ദഗതിയിലുള്ള വളർച്ച കാരണം താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് പിടിച്ചുനിൽക്കുന്നത് വെല്ലുവിളിയാണെന്ന് ഐഎംഎഫ് മേധാവി അഭിപ്രായപ്പെട്ടു, ഇതൊരു “കടുത്ത പ്രഹരമാണ്” എന്നവർ പറഞ്ഞു. “ദാരിദ്ര്യവും പട്ടിണിയും ഇനിയും വർദ്ധിച്ചേക്കാം, കോവിഡ് -19 പ്രതിസന്ധി കാലത്ത് ആരംഭിച്ച അപകടകരമായ പ്രവണതയാണിത്” അവർ പറഞ്ഞു.
അടുത്തയാഴ്‌ച ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും സ്പ്രിംഗ് മീറ്റിംഗുകൾക്ക് മുന്നോടിയായാണ് ജോർജീവയുടെ പരാമർശം. അവിടെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ നയരൂപകർത്താക്കൾ ചർച്ച ചെയ്യും. കുതിച്ചുയരുന്ന പണപ്പെരുപ്പ നിരക്ക് തടയുന്നതിനായി കേന്ദ്ര ബാങ്കുകൾ (ലോകമെമ്പാടും) പലിശ നിരക്ക് ഉയർത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ യോഗങ്ങൾ നടക്കുന്നത്.
ഈ വർഷം, ഏകദേശം 90 ശതമാനം വികസിത സമ്പദ്‌വ്യവസ്ഥകളും അവരുടെ വളർച്ചാ നിരക്കിൽ ഇടിവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഎഫ് മേധാവി പ്രസ്‌താവിച്ചു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് അവരുടെ കയറ്റുമതി ഡിമാൻഡ് ദുർബലമായ സമയത്താണ് ഉയർന്ന വായ്‌പാ ചെലവുകൾ വരുന്നതെന്നും അവർ പറഞ്ഞു.
2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ആഗോള ബാങ്കിംഗ് സംവിധാനം ഒരുപാട് മുന്നോട്ട് പോയെങ്കിലും, “ബാങ്കുകളിൽ മാത്രമല്ല, ബാങ്കുകൾ അല്ലാത്തവയിലും മറഞ്ഞിരിക്കാവുന്ന പ്രതിസന്ധികളെ കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നു” ജോർജീവ പറഞ്ഞു. “ഇപ്പോൾ സംതൃപ്‌തിയുടെ സമയമല്ല” അവർ വ്യക്തമാക്കി.