വാഹന പ്രേമികളുടെ മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ പുതിയ മോഡൽ കാറുമായി ടാറ്റ മോട്ടേഴ്സ് വിപണിയിലെത്തുന്നു. ടാറ്റ മോട്ടോഴ്സിന്‍റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ്‌യുവി ശ്രേണിയിലെ പഞ്ച് ഇവിയാണ് പുതുതായി അവതരിപ്പിക്കുന്നത്. ഇവ ജനുവരി 17-ന് പുറത്തിറക്കുന്നതാണ്. വാഹനത്തിന്റെ വില, റേഞ്ച് ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ഈ വേളയിൽ പ്രഖ്യാപിക്കുന്നതാണ്. പൂർണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ സജ്ജമാക്കുന്ന ടാറ്റയുടെ ആദ്യ വാഹനം കൂടിയാണിത്.
പഞ്ച് ഇവി പ്യുവർ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്ന് ടാറ്റ വിശേഷിപ്പിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമ്മാണം. ഫ്രണ്ട് വീൽ ഡ്രൈവ്, റിയർ വ്യൂ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് സാങ്കേതികവിദ്യകളുടെ നിരയാണ് ഇവ. പഞ്ച് ഇവിയുടെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. നെക്സോൺ ഇവിയിലെ നിരവധി ഫീച്ചറുകൾ പുതിയ വാഹനത്തിലും അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഉയർന്ന വേരിയന്റുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ എന്നിവയാണ് മറ്റു സവിശേഷതകൾ.