ആഗോളതലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച വാഹന നിർമ്മാതാക്കളായ ടൊയോട്ട വീണ്ടും രംഗത്തെത്തുന്നു. ഇലക്ട്രിക്, ഹൈബ്രിഡ് വാഹന ശ്രേണികളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജാപ്പനീസ് ബ്രാൻഡായ ടൊയോട്ട ഉടൻ പുതിയ മോഡൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. ആഗോള വിപണിയിൽ നിന്ന് നഷ്ടമായ പഴയ പ്രതാപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശയത്തിന് രൂപം നൽകുന്നത്. അമേരിക്കൻ കമ്പനിയായ ടെസ്‌ലയും, ചൈനീസ് കമ്പനിയായ ബിവൈഡിയും അരങ്ങത്തെത്തിയതോടെയാണ് ടൊയോട്ടയ്ക്ക് ഡിമാൻഡ് കുറഞ്ഞത്.
സോളിഡ്-സ്റ്റേറ്റ് ബാറ്ററികളോടെ പുത്തൻ ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പുകളാണ് ടൊയോട്ട നടത്തുന്നത്. 2027-28-ൽ ഇത്തരം വൈദ്യുത വാഹനങ്ങൾ വിപണിയിൽ എത്തിച്ചേക്കുമെന്നാണ് സൂചന. അതിവേഗ ചാർജിംഗാണ് പുതിയ മോഡലിന്റെ പ്രധാന സവിശേഷത. സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 1,200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ സാധിക്കും.