ഇന്ത്യൻ മണ്ണിലേക്ക് ടെസ്‌ല എത്തുന്നു, ആദ്യ ഓഫീസ് പൂനെയിൽ ആരംഭിച്ചേക്കും


അമേരിക്കൻ കോടീശ്വരൻ ഇലോൺ മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യൻ മണ്ണിലേക്കും എത്തുന്നു. മാസങ്ങൾക്ക് മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകൾ ടെസ്‌ല നൽകിയിരുന്നു. എന്നാൽ, ഇന്ത്യയിലേക്കുള്ള വരവ് ഉടൻ ഉണ്ടാകുമെന്ന സൂചനകളാണ് വീണ്ടും നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പൂനെയിലെ പഞ്ച്ശീൽ ബിസിനസ് പാർക്കിൽ ടെസ്‌ല ഓഫീസ് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ടെസ്‌ലയുടെ ഇന്ത്യൻ സബ്സിഡിയറിയായ ടെസ്‌ല ഇന്ത്യ മോട്ടോർ ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ് ടേബിൾ സ്പേസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി അഞ്ച് വർഷത്തെ വാടക കരാറിലാണ് കമ്പനി ഒപ്പുവെച്ചിരിക്കുന്നത്.

ഇന്ത്യൻ വാഹന വിപണിക്ക് അനുയോജ്യമായ കാർ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ടെസ്‌ല പദ്ധതിയിടുന്നത്. കൂടാതെ, ഇന്ത്യൻ നിർമ്മിത കാറുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന കാറുകൾക്ക് 20 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാവുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇലോൺ മസ്ക് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഇന്ത്യൻ വിപണിയിലേക്ക് വേരുറപ്പിക്കുന്ന സൂചനകൾ മസ്ക് നൽകിയത്. അതേസമയം, കാർ നിർമ്മാണ ഫാക്ടറി ആരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ടെസ്‌ല അധികൃതർ ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ട്.