വൈദ്യുത വാഹന വിപണിയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ജെ.എൽ.ആർ

വൈദ്യുത വാഹന വിപണിയിൽ മുന്നേറ്റം കൈവരിക്കുന്നതിന്റെ ഭാഗമായി കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജെ.എൽ.ആർ. റിപ്പോർട്ടുകൾ പ്രകാരം, 19 ബില്യൺ പൗണ്ടിന്റെ (ഏകദേശം 1.5 ലക്ഷം കോടി രൂപ) നിക്ഷേപമാണ് നടത്തുക. അടുത്ത അഞ്ച് വർഷത്തിനുള്ളിലാണ് നിക്ഷേപം നടത്താൻ പദ്ധതിയിടുന്നത്. അതേസമയം, വൈദ്യുത വാഹനങ്ങൾക്കായി 2.5 ബില്യൺ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്നായിരുന്നു കമ്പനി ആദ്യം പറഞ്ഞിരുന്നത്.

നേരത്തെ ജാഗ്വാർ ലാൻഡ് റോവർ എന്നായിരുന്നു കമ്പനി അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇനി മുതൽ ഔദ്യോഗികമായി ജെ.എൽ.ആർ എന്നായിരിക്കും അറിയപ്പെടുക. റേഞ്ച് റോവർ, ഡിസ്കവറി ഡിഫൻഡർ, ജാഗ്വാർ എന്നിങ്ങനെ നാല് ബ്രാൻഡുകളിലായിരിക്കും ജെ.എൽ.ആറിന്റെ കാറുകളും എസ്‌യുവികളും വിൽപ്പനയ്ക്ക് എത്തുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് ജാഗ്വാർ 2025 ഓടെ വിപണിയിൽ എത്തിക്കാനാണ് പദ്ധതിയിടുന്നത്.