ഇന്ത്യയിൽ റെക്കോർഡ് വിറ്റുവരവുമായി ലംബോർഗിനി

ഇന്ത്യയിൽ റെക്കോർഡ് വിറ്റുവരവ് നേടി പ്രമുഖ ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ലംബോർഗിനി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-ൽ 92 കാറുകളാണ് രാജ്യത്ത് കമ്പനി വിറ്റഴിച്ചത്. ലംബോർഗിനിയുടെ ഏറ്റവും ഉയർന്ന വാർഷിക വിൽപ്പന നേട്ടമാണിത്. 2021- ൽ 69 കാറുകൾ മാത്രമാണ് വിറ്റഴിച്ചത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 33 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

2023- ലും മികച്ച വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിറ്റുവരവ് ഉയർത്തുന്നതിന്റെ ഭാഗമായി ഉറൂസ് എസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിൽ വൻ സ്വീകാര്യത നേടിയ ഉറൂസിന്റെ രണ്ടാം പതിപ്പാണിത്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.3 സെക്കൻഡ് സമയം മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. ഉറൂസ് എസിന്റെ ഇന്ത്യൻ വിപണി വില 4.18 കോടി രൂപയാണ്. അതേസമയം, ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകളിലേക്ക് ശ്രദ്ധ പതിപ്പിക്കാനുള്ള നീക്കങ്ങൾ ലംബോർഗിനി ആരംഭിച്ചിട്ടുണ്ട്.