ഇന്ത്യൻ വിപണിയിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാൻ പുതിയ തന്ത്രവുമായി മാരുതി സുസുക്കി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, കാറുകൾ നെക്‌സ ഔട്ട്‌ലെറ്റുകൾ മുഖാന്തരം വിൽപ്പന നടത്താനാണ് മാരുതി പദ്ധതിയിടുന്നത്. 2015-ലാണ് രാജ്യത്ത് നെക്‌സ റീട്ടയിൽ ശൃംഖല പ്രവർത്തനമാരംഭിച്ചത്. മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങളാണ് നെക്‌സ ഔട്ട്‌ലെറ്റുകൾ മുഖാന്തരം വിറ്റഴിച്ചിരുന്നത്. ഈ പ്ലാറ്റ്ഫോം വഴി മറ്റു മോഡലുകളും വിറ്റഴിക്കാനാണ് മാരുതിയുടെ നീക്കം.
ഇന്ത്യൻ വാഹന വിപണിയിൽ ഹ്യുണ്ടായി, ടാറ്റ എന്നിവയുടെ ആധിപത്യമാണ് കൂടുതലായും ഉള്ളത്. നെക്‌സ ഔട്ട്‌ലെറ്റുകൾ മുഖാന്തരം വാഹനങ്ങൾ വിൽപ്പന നടത്തുന്നതോടെ ഹ്യുണ്ടായി, ടാറ്റ എന്നീ വാഹന നിർമ്മാതാക്കളെ മറികടക്കാൻ സാധിക്കുമെന്നാണ് മാരുതിയുടെ വിലയിരുത്തൽ. ബലേനോ, ഇഗ്നിസ്, സിയാസ്, ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകൾ വിൽക്കുന്ന നെക്‌സ ഇതിനോടകം തന്നെ 20 ലക്ഷം കാറുകളാണ് വിറ്റഴിച്ചത്. വരും വർഷങ്ങളിൽ മാരുതി പുറത്തിറക്കുന്ന എസ്‌യുവികളായ ഫ്രോങ്ക്സ്, ജിംനി എന്നിവയുടെ വിൽപ്പന നെക്‌സ പ്ലാറ്റ്ഫോം വഴി നടത്താനാണ് കമ്പനിയുടെ തീരുമാനം.