ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഹീറോ മോട്ടോർകോർപ്, ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോർപ്. തിരഞ്ഞെടുത്ത മോഡലുകൾക്ക് ഏകദേശം രണ്ട് ശതമാനം വരെ വില വർദ്ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. പുതുക്കിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിലാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഉൽപാദന ചെലവ് ഉയർന്നതോടെയാണ് തിരഞ്ഞെടുത്ത മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ കമ്പനി തയ്യാറായത്.

മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനാൽ ഉൽപ്പാദനത്തിൽ വിവിധ മാറ്റങ്ങൾ കമ്പനി വരുത്തിയിരുന്നു. ഇത് ഉൽപാദന ചെലവ് ഉയരാൻ കാരണമായി. ഏപ്രിൽ ഒന്ന് മുതൽ രാജ്യത്തെ പുതിയ വാഹനങ്ങളിൽ ഓൺ ബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഡിവൈസ് ഘടിപ്പിക്കണമെന്ന് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ചാണ് തിരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളുടെയും, സ്കൂട്ടറുകളുടെയും വില വർദ്ധിപ്പിക്കുന്നത്. ഓൺ ബോർഡ് സെൽഫ് ഡയഗ്നോസ്റ്റിക് ഡിവൈസ് ഘടിപ്പിക്കുന്നതിന് ആവശ്യമായ ചെലവാണ് വാഹനത്തിന്റെ വിലയിലും പ്രതിഫലിക്കുക.