നിർമ്മാണ ചെലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കാറുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി വാഹന നിർമ്മാതാക്കൾ. റിപ്പോർട്ടുകൾ പ്രകാരം, ഓൺ- ബോർഡ് ഡയഗ്നോസ്റ്റിക് 2 എന്ന ഡയഗ്നോസ്റ്റിക് ഉപകരണ ഘടിപ്പിക്കുന്നതോടെ ഏപ്രിൽ മുതൽ വില വർദ്ധിപ്പിക്കാനാണ് സാധ്യത. കാറുകളുടെ വില 10,000 രൂപ മുതൽ 30,000 രൂപ വരെയാണ് ഉയർത്താൻ പദ്ധതിയിടുന്നത്. കാറുകൾക്ക് പുറമേ, ഇരു ചക്രവാഹനങ്ങൾക്ക് 2,500 രൂപ വരെയും വില വർദ്ധിച്ചേക്കാമെന്നാണ് സൂചന. ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങൾക്ക് അഞ്ച് ശതമാനം വരെ വില വർദ്ധിപ്പിക്കുമെന്ന് ആഡംബര കാർ നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് ഇതിനോടകം അറിയിച്ചിട്ടുണ്ട്.
ഓൺ- ബോർഡ് ഡയഗ്നോസ്റ്റിക് ഒരു കമ്പ്യൂട്ടർ സംവിധാനമാണ്. ഇവ കാറുകളുടെ പ്രകടനം നിരീക്ഷിക്കുകയും, നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ, വാഹനത്തിനുള്ളിലെ സെൻസറുകളുടെ ശൃംഖലയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും ഇവയ്ക്ക് സാധിക്കുന്നതാണ്. ഈ ഉപകരണം കാറുകളിൽ ഘടിപ്പിക്കുന്നതിനാൽ അധിക ചെലവിലേക്ക് നയിക്കുമെന്നാണ് കാർ നിർമ്മാതാക്കളുടെ വാദം. ഏപ്രിൽ മുതലാണ് രാജ്യത്തെ വാഹനങ്ങളിൽ ഈ ഉപകരണം ഘടിപ്പിക്കുക.