വാഹന പ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ഇത്തവണ റെഡ് ഡാർക്ക് ഉൽപ്പന്നങ്ങളുടെ പ്രത്യേക നിര തന്നെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2023 ജനുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ടാറ്റാ മോട്ടോഴ്സിന് സാധിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് പുതിയ മോഡൽ വാഹനങ്ങൾ പുറത്തിറക്കാനുള്ള നീക്കവുമായി ടാറ്റാ മോട്ടോഴ്സ് രംഗത്തെത്തിയത്. വിവിധ മോഡലുകളുടെ പ്രാരംഭ വിലയും, റെഡ് ഡാർക്ക് എഡിഷൻ വിലയും അറിയാം.
നെക്സോണിന്റെ പെട്രോൾ എൻജിനിൽ പ്രവർത്തിക്കുന്ന മോഡലുകളുടെ പ്രാരംഭ വില 7.80 ലക്ഷം രൂപയും, റെഡ് ഡാർക്ക് എഡിഷൻ വില 12.35 ലക്ഷം രൂപയുമാണ്. നെക്സോണിന്റെ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന മോഡലുകളുടെ പ്രാരംഭ വില 9.99 ലക്ഷം രൂപയും, റെഡ് ഡാർക്ക് എഡിഷൻ വില 13.70 ലക്ഷം രൂപയുമാണ്. ഹാരിയർ മോഡലിന്റെ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ പ്രാരംഭ വിലയും, റെഡ് ഡാർക്ക് എഡിഷൻ വിലയും യഥാക്രമം 15 ലക്ഷം, 21.77 ലക്ഷം എന്നിങ്ങനെയാണ്. സഫാരി 7- എസ് ഡീസൽ എൻജിനിന്റെ പ്രാരംഭ വില 15.65 ലക്ഷവും, റെഡ് ഡാർക്ക് വില 22.61 ലക്ഷവുമാണ്.