ജർമ്മനിയിൽ ക്രിസ്മസ് ചന്തയിലേക്ക് സൗദി സ്വദേശി കാറിടിച്ച് കയറ്റി : രണ്ട് പേർ മരിച്ചു : 68 പേർക്ക് പരിക്ക്



ബെര്‍ലിന്‍ : ജര്‍മ്മനിയിലെ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. അറുപതിലധികം പേര്‍ക്ക് പരിക്ക്. പതിനഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.

ആള്‍കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ കാര്‍ 400 മീറ്ററോളം ഓടിയാണ് നിന്നത്. കാര്‍ ഓടിച്ചിരുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. അൻപതുകാരനായ സൗദി പൗരനും ഡോക്ടറുമായ താലിബ് ആണ് കാര്‍ ഓടിച്ചിരുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും നടന്നത് ഭീകരാക്രമണമാണെന്നു കരുതുന്നതായും പ്രദേശിക സര്‍ക്കാര്‍ വക്താവ് മത്തിയാസ് ഷുപ്പെയും നഗര വക്താവ് മൈക്കല്‍ റീഫും പറഞ്ഞു. ആക്രമണത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഇന്ന് മാഗ്‌ഡെബര്‍ഗ് സന്ദര്‍ശിക്കുമെന്നാണ് സൂചന. അതേ സമയം 2016ൽ ബെർലിനിൽ ഡ്രൈവർ ട്രക്ക് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് 13 പേരെ കൊലപ്പെടുത്തിയതിന് സമാനമാണ് സംഭവം.