ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച : പഴുതടച്ച അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്


തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം അധ്യാപകരിലേക്കും വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. എം എസ് സൊല്യൂഷന്‍ യൂട്യൂബ് ചാനലില്‍ ക്ലാസുകള്‍ തയ്യാറാക്കാനായി സഹകരിച്ചിരുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു.

എം എസ് സൊല്യൂഷനെതിരെ മുമ്പ് പരാതി നല്‍കിയ സ്‌കൂള്‍ അധികൃതരുടെയും മൊഴിയും അന്വേഷണ സംഘമെടുത്തു. എസ്എസ്എല്‍സിയുടെയും പ്ലസ്‌വണിന്റെയും ചോദ്യപേപ്പറുകളാണ് തലേ ദിവസം യൂട്യൂബ് ചാനലുകള്‍ ചോര്‍ത്തി നല്‍കിയത്. ഏറ്റവും അധികം ചോദ്യങ്ങള്‍ വന്ന എംഎസ് സൊല്യഷന്‍സ് ആണ് സംശയനിഴലിലായത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണം ഉയര്‍ന്നതിന് പിന്നലെ പ്രവര്‍ത്തനം തത്കാലികമായി നിര്‍ത്തി വെച്ച എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ കഴിഞ്ഞ ദിവസം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എസ്എസ് എല്‍സി ക്രിസ്മസ് പരീക്ഷയുടെ കെമിസ്ട്രി ചോദ്യപേപ്പറുമായാണ് യൂട്യൂബ് ചാനലില്‍ എംഎസ് സൊല്യൂഷന്‍ ലൈവ് എത്തിയത്.

ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരയാക്കിയെന്നും വിദ്യാര്‍ഥികള്‍ക്കായി ഇന്ന് ലൈവില്‍ എത്തിയത് ജീവന്‍ പണയപ്പെടുത്തിയാണെന്നും സിഇഒ ഷുഹൈബ് വീഡിയോയില്‍ പറയുന്നു. സ്ഥാപനത്തിനെതിരെ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഷുഹൈബ് വീണ്ടും ലൈവുമായി എത്തിയത്.

അതേ സമയം മറ്റു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വന്ന സാധ്യതാ ചോദ്യങ്ങള്‍ നോക്കിയാണ് വിഡിയോ തയാറാക്കിയതെന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.