എം എം ലോറന്‍സിന്റെ മകളുടെ ഹർജി ഹൈക്കോടതി തള്ളി : മൃതദേഹം മെഡിക്കല്‍ കോളെജിന് വിട്ടുനല്‍കിയ നടപടി ശരിവച്ച് കോടതി


കൊച്ചി : മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്ന ഹർജി ഹൈക്കോടതി തള്ളി. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹർജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരിക്കുന്നത്.

എംഎം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളെജിന് വിട്ടുനല്‍കിയ നടപടി കോടതി ശരിവെക്കുകയും ചെയ്തു. അതേ സമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മകള്‍ ആശ വിധിയോട് പ്രതികരിച്ചു.

മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളെജിന്റെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു മകള്‍ ആശയുടെ ഹർജിയിലെ ആവശ്യം. ആശ ലോറന്‍സിനെ അനുകൂലിച്ചായിരുന്നു മറ്റൊരു മകളായ സുജാത ബോബനും ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചത്.

എന്നാല്‍ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് എം എം ലോറന്‍സ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് മകന്‍ എം എല്‍ സജീവന്‍ ഹൈക്കോടതിയെ അറിയിച്ചത്. ഹർജിയില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ എ എം ലോറന്‍സിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.