പരമശിവന്റെ പിറന്നാൾ ദിനമാണ് തിരുവാതിര. സ്ത്രീകളുടെ ഉത്സവദിനമായ ധനുമാസക്കുളിരിലെ തിരുവാതിര ദിനത്തിൽ ‘ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ’ എന്നു തുടങ്ങുന്ന തിരുവാതിരപ്പാട്ടുകളും ഉയർന്നു കേൾക്കാം. മകയിരം നക്ഷത്രവും തിരുവാതിരയും ചേർന്ന രാവിലാണ് തിരുവാതിര കൊണ്ടാടുന്നത്. ഇത്തവണ 2023 ജനുവരി 6നാണ് തിരുവാതിര. കന്യകമാർ വിവാഹം നടക്കാനും മംഗല്യവതികൾ ദീർഘ സുമംഗലി ആകുന്നതിനും തിരുവാതിര വൃതം നോക്കുന്നു.
തിരുവാതിര വ്രതം അതിനനുസരിച്ച് നോറ്റാൽ ഐശ്വര്യവും ദീർഘമാംഗല്യവും ഇഷ്ടവിവാഹജീവിതവുമൊക്കെയാണ് ഫലമായി പറയുന്നത്. തിരുവാതിര ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടനവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്.
1)ഇന്ദ്രദേവാദികൾ പാലാഴിമഥനം നടത്തിയപ്പോൾ നാഗരാജാവ് വാസുകിയുടെ വായിൽനിന്ന് പുറത്തുവന്ന കാളകൂടവിഷം(ഹലാഹലം) ഭൂമിയിൽ വീണ് ഭൂമി നശിക്കാതിരിക്കാൻ ദേവന്മാർ ശിവനോട് സഹായം അഭ്യർത്ഥിക്കുകയും ശിവൻ ആ വിഷം വിഴുങ്ങുകയും, ശിവന് അത് വിഴുങ്ങിയിട്ട് കുഴപ്പം ഇല്ലാതിരിക്കാൻ പാർവ്വതീദേവി ശിവന്റെ കഴുത്തിൽ അമർത്തിപ്പിടിച്ച് ഉറക്കമൊഴിഞ്ഞ് പ്രാർഥിച്ചു എന്നതാണ് ഒരു കഥ.
തിരുവാതിര ആഘോഷത്തിൽ ഉറക്കമൊഴിക്കൽ വന്നത് അങ്ങനെ ആണത്രേ
2) പാർവതി ശിവനെ ഭർത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പാർവതിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു. ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാൻ കാരണമെന്ന് ഒരു ഐതിഹ്യം.
3) കാമദേവനും ശിവനുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. പാർവതിയുമായി അനുരാഗം തോന്നാനായി ശിവനു നേർക്ക് അമ്പെയ്യുകയും ശിവൻ ക്രോധത്തിൽ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യ രതി പാർവതിയോട് സങ്കടം ധരിപ്പിക്കുകയും പാർവതി രതീദേവിയോട് തിരുവാതിരനാളിൽ വ്രതം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ കാമദേവനുമായി വീണ്ടും ചേർത്തുവക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു .
ഭത്താവിൻറെ വിയോഗത്താൽ ദുഃഖിതയായ കാമദേവൻറെ പത്നി രതീദേവി ഊണും ഉറക്കവുമില്ലാതെ വിലപിക്കുന്നു. രതീദേവിയുടെ വിലാപത്തിൽ ദേവസ്ത്രീകളും ദുഃഖിതരായി നോമ്പെടുത്ത് ശിവനെ പ്രാർത്ഥിക്കാൻ തുടങ്ങി. സർവ്വരുടേയും പ്രാർത്ഥനയിലും വ്രതാനുഷ്ഠാനങ്ങളിലും സംപ്രീതനായ ശ്രീപരമേശ്വരൻ കാമദേവനെ പുനർജീവിപ്പിച്ചു. തുടർന്ന് അദ്ദേഹം പാർവതീദേവിയെ അർദ്ധാംഗിനിയായി സ്വീകരിച്ചു.
ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിൻറെ ആഹ്ലാദത്തിൽ പാർവതീ ദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും പഴങ്ങൾ ഭക്ഷിച്ചും കേശാലങ്കാരം ചെയ്തും തുടിച്ചും കുളിച്ചും നീരാടിയും ആനന്ദിച്ചതിൻറെ ഓർമ്മക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിരൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.