17 കാരിയുടെ പ്രായം കൂട്ടിപറഞ്ഞ് മാതാപിതാക്കൾ വിവാഹം നടത്തി: കുട്ടി ​ഗർഭിണിയായതോടെ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ


തിരുവനന്തപുരം: ഭാര്യ ​ഗർഭിണിയായതിന് പിന്നാലെ യുവാവ് പോക്സോ കേസിൽ പ്രതിയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാ​ഹം കഴിച്ച് ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെന്ന കുറ്റത്തിലാണ് തിരുവനന്തപുരം സ്വദേശിയായ 24-കാരനെ അയിരൂർ പൊലീസ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയുടെ മാതാപിതാക്കൾ പെൺകുട്ടിയുടെ യഥാർത്ഥ പ്രായം മറച്ചുവെച്ചാണ് വിവാ​ഹം നടത്തിയത്. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ആറ് മാസം മുൻപായിരുന്നു വിവാ​ഹം. പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ പെൺകുട്ടി ​ഗർഭിണിയായി. തുടർന്ന് പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ഡോക്ടർ തിരിച്ചറിയുന്നത്.

പിന്നാലെ ഡ‍ോക്ടർ വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തു. വിവാഹം ചെയ്ത യുവാവ്, യുവാവിന്റെ മാതാപിതാക്കൾ, പെൺകുട്ടിയുടെ മാതാപിതാക്കൾ എന്നിവരും കേസിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.