ഇന്ദുജയുടെ മൊബൈൽ അജാസ് ഫോർമാറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചു:ഇന്ദുജ മറ്റൊരു യുവാവുമായി സംസാരിച്ചത് പ്രകോപനമായെന്ന് സൂചന


പാലോട് നവ വധു ഇന്ദുജയുടെ ആത്മഹത്യയിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. ഇന്ദുജയുടെ മരണം തന്നെ അജാസിന്റെ ആസൂത്രണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ദുജയുടെ മൊബൈൽ ഫോൺ അജാസ് ഫോർമാറ്റ് ചെയ്തു. ആത്മഹത്യക്ക് പിന്നാലെയാണ് ഫോൺ ഫോർമാറ്റ് ചെയ്തതെന്ന് പോലീസിന് സംശയം. തെളിവ് നശിപ്പിച്ചത് തന്നെയെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്.

മരിച്ച ഇന്ദുജയെ അജാസാണ് കൂടുതല്‍ ഉപദ്രവിച്ചത് എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്ന അജാസ് യുവതിയുടെ ഫോണ്‍വിവരങ്ങളെല്ലാം നശിപ്പിച്ചിട്ടുണ്ട്. ഇന്ദുജയുടെ ഫോണിന്റെ പാസ്‌വേഡ് അജാസിന് അറിയാമായിരുന്നു. ഫോൺ വിവരങ്ങൾ നശിപ്പിച്ചതോടെ ഇതിന് പിന്നിലെ ആസൂത്രണമാണ് പോലീസ് സംശയിക്കുന്നത്.ഇന്ദുജ ആത്മഹത്യക്ക് മുന്‍പ് അവസാനം ഫോണില്‍ വിളിച്ചത് അജാസിനെ ആയിരുന്നു.

കേസില്‍ ഭര്‍ത്താവ് അഭിജിത്തിന്റെയും അജാസിന്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അഭിജിത്താണ് കേസിലെ ഒന്നാം പ്രതി. അജാസിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ദുജ മറ്റൊരു യുവാവുമായി അടുപ്പമാണെന്ന് സംശയിച്ച അജാസ് യുവതിയെ മർദിച്ചു, തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് സംശയം. അജാസ് മര്‍ദിക്കുന്നത് കണ്ടെന്നാണ് ഭര്‍ത്താവ് അഭിജിത്ത് മൊഴി നല്‍കിയിരുന്നു. കേസില്‍ അറസ്റ്റിലായ ഇരുവരെയും റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അജാസിന്റെ സാന്നിധ്യമാണ് കേസിനു വഴിത്തിരിവായതും അറസ്റ്റിലേക്കു വഴിതെളിച്ചതും.

ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചെന്നാണ് മൊഴി. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മർദനത്തിൻറെ പാടുകളുണ്ടായിരുന്നു. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും നടത്തിയ മാനസിക പീഡനവും മർദ്ദനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് കണ്ടെത്തൽ.