മലയ്ക്ക് പോകും മുൻപ് സ്ത്രീകളറിയണം, അയ്യപ്പനെയും വ്രതാനുഷ്ഠാനങ്ങളെയും: നമ്മുടെ വ്രതത്തെ തെറ്റിക്കുന്ന കാര്യങ്ങൾ ഇവ


ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ച്‌ പല വിധത്തിലുള്ള വാദപ്രതിവാദങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സമയമാണ് ഇത്. ഐതിഹ്യവും ചരിത്രവും എല്ലാം കെട്ടുപിണഞ്ഞ് കിടക്കുന്നതാണ് ശബരിമല. തലമുറകളായി നമുക്ക് കൈമാറിക്കൊണ്ടിരിക്കുന്ന ശബരിമലയുമായി ബന്ധപ്പെട്ട പല കഥകളും ഉണ്ട്. ശബരിമല അയ്യപ്പസ്വാമി, ധര്‍മശാസ്താവ് എന്നീ പേരുകളിലും അയ്യപ്പസ്വാമി അറിയപ്പെടുന്നുണ്ട്. ജാതി, മതവ്യത്യാസമില്ലാതെ എല്ലാ ഭക്തരും സന്ദര്‍ശനം നടത്തുന്ന പുണ്യ സ്ഥലമാണ് ശബരിമല. ഭഗവാന്‍ പരമശിവന് വിഷ്ണുമായയില്‍ പിറന്ന പുത്രനാണ് അയ്യപ്പന്‍ എന്നാണ് ഐതിഹ്യം. കുട്ടികളില്ലാതിരുന്ന പന്തള രാജാവിന് കാട്ടില്‍ നിന്നാണ് മണികണ്ഠനെ ലഭിച്ചതും എന്നും ഐതിഹ്യത്തില്‍ പറയുന്നുണ്ട്.

അയ്യപ്പസ്വാമിയുടെ ജനനത്തെക്കുറിച്ചും ശബരിമലയെക്കുറിച്ചും ധാരാളം ഐതിഹ്യങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത്. ധര്‍മ്മശാസ്താവിന്റെ അംശമായ അയ്യപ്പസ്വാമി നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ടാണ് അവിടെ ഋതുമതികളായ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന വിശ്വാസം നിലനില്‍ക്കുന്നത്.ഭക്തിയുടേയും വ്രതശുദ്ധിയുടേയും പുണ്യമാണ് മണ്ഡല കാലം. ഓരോ മനുഷ്യനും അയ്യപ്പ സ്വാമിയായി മാറുന്ന പുണ്യകാലം. പാപ മോക്ഷത്തിനായി പമ്പയില്‍ കുളിച്ച പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താന്‍ തിരക്കു കൂട്ടുന്ന അയ്യപ്പന്‍മാരുടെ വിശുദ്ധിയുടെ കാലം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദര്‍ശന സാഫല്യത്തിനായി ഓരോ ഭക്തനും കാത്തിരിക്കുകയാണ്.

വിശുദ്ധിയുടെ ഈ കാലത്ത് ഓരോ അയ്യപ്പ ഭക്തനും ശബരിമലയെക്കുറിച്ച്‌ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ശബരിമലയെ മറ്റെങ്ങുമില്ലാത്ത വിധം വിശ്വാസികളുടെ തിരക്കിലാഴ്ത്തുന്ന കാലമാണ് ഇത്. അതുകൊണ്ടാണ് പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയിലുള്ള പെണ്‍കുട്ടികള്‍ ശബരിമല ദര്‍ഷനം നടത്തരുത് എന്ന് പറയുന്നത് എന്നാണ് വിശ്വാസം. ശബരിമലയിലേക്കുള്ള യാത്ര അതികഠിനമായത് ആയതു കൊണ്ടും ആര്‍ത്തവ സമയങ്ങളിലും മറ്റുമുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടും എല്ലാം സ്ത്രീകള്‍ക്ക് ശബരിമല യാത്ര വിലക്കപ്പെട്ടിരുന്നു.

മാത്രമല്ല ശബരിമല വ്രത കാലയളവില്‍ വളരെ കഠിനമായ വ്രത നിഷ്ഠയിലൂടെയാണ് ഓരോ അയ്യപ്പന്‍മാരും യാത്ര ചെയ്യുന്നത്. ശബരി മല വ്രതത്തെക്കുറിച്ച്‌ ചില കാര്യങ്ങള്‍ നോക്കാം.മണ്ഡലകാലം ആരംഭിച്ച്‌ നാല്‍പ്പത്തി ഒന്ന് ദിവസത്തേക്കാണ് അയ്യപ്പന്‍മാര്‍ വ്രതം എടുക്കുന്നത്. ശബരിമല തീര്‍ത്ഥാടനം പൂര്‍ണമാകണമെങ്കില്‍ ആചാരങ്ങള്‍ കൃത്യമായി പാലിക്കണം. 41 ദിവസം നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. ഈ നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതത്തിന്റെ ബലത്തിലാണ് ഓരോ അയ്യപ്പനും മല ചവിട്ടുന്നത്. മനസ്സിന്റെയും ശരീരത്തിന്റേയും ഉറപ്പിനും സ്വസ്ഥതക്കും ഈ വ്രതം വളരെയധികം സഹായിക്കുന്നു.വ്രതം തുടങ്ങുന്നതോടെ മാലയിട്ട് മലക്ക് പോവാന്‍ ഓരോ അയ്യപ്പനും തയ്യാറാവുന്നു.

Ayyappa Temple, Sabarimala

വ്രതം തുടങ്ങുന്നതിനായി തുളസി മാലയോ, രുദ്രാക്ഷ മാലയോ അണിയാവുന്നതാണ്. മാലയിടുമ്പോള്‍ ശനിയാഴച ദിവസമോ ഉത്രം നക്ഷത്രമോ നോക്കി ഇടുന്നതും എന്തുകൊണ്ടും നല്ലതാണ്. ക്ഷേത്രത്തില്‍ വെച്ച്‌ ഗുരുസ്വാമിയുടെ കാര്‍മികത്വത്തില്‍ വേണം മാലയിടുന്നതിന്.സൂര്യനുദിക്കും മുന്‍പ് എഴുന്നേറ്റ് രണ്ടു നേരവും കുളിക്കണം. പുലര്‍ച്ചെ എഴുന്നേറ്റ് വ്രത ചര്യയോടെ ശരീരശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണ്. രാവിലേയും വൈകിട്ടും കുളിച്ച്‌ ഭഗവാന്‍ അയ്യപ്പസ്വാമിയെ പ്രാര്‍ത്ഥിക്കണം. ഇതോടെ ശരണം വിളിയും വേണം. ഓരോ ഭക്തന്റേയും മനസ്സിലെ ദുഷ്ചിന്തകളെ ഇല്ലാതാക്കി മനസ്സ് ശുദ്ധീകരിക്കുന്നതിന് ഈ ശരണം വിളി സഹായിക്കുന്നു.വ്രതനിഷ്ഠയോടെ കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ അയ്യപ്പന്‍മാര്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ബ്രഹ്മചര്യം.

വ്രതാനുഷ്ഠ കാലത്ത് ബ്രഹ്മചര്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാമക്രോധമോഹങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് നിന്ന് നിത്യബ്രഹ്മചാരിയായ അയ്യപ്പനെ മാത്രം മനസ്സില്‍ ധ്യാനിച്ച്‌ വേണം ഓരോ അയ്യപ്പസ്വാമിയും ശബരിമല ചവിട്ടാന്‍. ഭാര്യാസ്ത്രീസംസര്‍ഗ്ഗം എന്നിവ പൂര്‍ണമായും ഉപേക്ഷിക്കണം.ആഹാരത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഒരു കാരണവശാലും മത്സ്യ മാംസാദികള്‍ കഴിക്കാന്‍ പാടില്ല. മാത്രമല്ല പഴകിയ ഭക്ഷണ സാധനങ്ങളും ഒരിക്കലും കഴിക്കരുത്. ശരീരത്തെ ശുദ്ധീകരിക്കാന്‍ ഭക്ഷണത്തിലൂടെ സാധിക്കുന്നു. അതുകൊണ്ട് തന്നെ മത്സ്യമാംസാദികള്‍ മറ്റ് ലഹരികള്‍ എന്നിവയൊന്നും ഉപയോഗിക്കാന്‍ പാടില്ല.

ഒരിക്കലും വ്രതം തുടങ്ങിയാല്‍ മുടി വെട്ടുകയോ താടി വടിക്കുകയോ ഒന്നും ചെയ്യരുത്. മാത്രമല്ല മനസ്സിനെ എപ്പോഴും ശാന്തമാക്കി വെക്കണം. ഒരു കാരണവശാലും സ്ത്രീകളുമായി മോശം സംസര്‍ഗ്ഗം പാടില്ല. ഇതെല്ലാം നമ്മുടെ വ്രതത്തെ തെറ്റിക്കുന്നതാണ് എന്ന ചിന്ത മനസ്സിലുണ്ടായിരിക്കണം ഓരോ അയ്യപ്പനും.അയ്യപ്പന്‍ കറുപ്പ് വസ്ത്രധാരിയാണ്, അതുകൊണ്ട് തന്നെ ഓരോ അയ്യപ്പഭക്തനും വ്രതാനുഷ്ഠാനത്തോടെ മലക്ക് മാലയിട്ട് തുടങ്ങിയാല്‍ കറുപ്പ് വസ്ത്രം ധരിക്കണം. ചിലര്‍ കാവി വസ്ത്രങ്ങളും ധരിക്കാറുണ്ട്. നീല വസ്ത്രവും അയ്യപ്പസ്വാമിയുടെ പ്രിയപ്പെട്ട നിറം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിലും വളരെയധികം ശ്രദ്ധ വേണം.നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിന വ്രതത്തോടെ വേണം ശബരിമല ചവിട്ടാന്‍.

പതിനെട്ടാം പടി കയറി ഇരുമുടിക്കെട്ടുമായി വേണം മലക്ക് പോവാന്‍. ക്ഷേത്രത്തിലാണ് സാധാരണയായി കെട്ടു മുറുക്കുന്നത്. എന്നാല്‍ വീട്ടിലും ശുദ്ധിയോടെ ഇത് ചെയ്യാവുന്നതാണ്. ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തില്‍ വേണം കെട്ടുനിറക്കാന്‍. ശബരിമല ദര്‍ശനം വാശിയിലോ ദേഷ്യത്തിലോ ചെയ്ത് തീര്‍ക്കേണ്ട ഒരു കാര്യമല്ല. ഭക്തിയോടെയായിരിക്കണം ഓരോ അയ്യപ്പനും മല ചവിട്ടേണ്ടത്. കാലങ്ങളായി നാം കേട്ട് പഴകിയ വിശ്വാസങ്ങള്‍ക്ക് പുറത്താണ് ഓരോ അയ്യപ്പനും മല ചവിട്ടുന്നതും.