പുറത്ത് ഭരണഘടന, അകത്ത് ഒന്നുമില്ല: രാഹുല്‍ ഗാന്ധിയുടെ കയ്യിലുള്ളത് വ്യാജ ഭരണഘടനാ ബുക്കെന്ന് അമിത് ഷാ


റാഞ്ചി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യാജ ഭരണഘടന കാണിച്ച് ജനങ്ങളെ പരിഹസിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ഭരണഘടനയുടെ വ്യാജ പതിപ്പിലൂടെ ബി ആര്‍ അംബേദ്ക്കറെയും ഭരണഘടനാ അസംബ്ലിയെയും അപമാനിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.രണ്ട് ദിവസം മുമ്പ് രാഹുല്‍ ഗാന്ധി പ്രചരിപ്പിച്ചത് വ്യാജ പതിപ്പാണെന്ന് തുറന്നുകാട്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാഹുല്‍ഗാന്ധി കാണിച്ച ഭരണഘടനയുടെ പതിപ്പ് ഒരാള്‍ക്ക് ലഭിച്ചു. ഭരണഘടനയുടെ കവര്‍ പേജില്‍ ഭരണഘടനയെന്ന് എഴുതിയിട്ടുണ്ടെങ്കിലും അകത്ത് ഉള്ളടക്കമൊന്നുമില്ല. ഭരണഘടനയെ പരിഹസിക്കരുത്. ഭരണഘടനയുടെ വ്യാജ പതിപ്പിലൂടെ ബി ആര്‍ അംബേദ്ക്കറെയും ഭരണഘടനാ അസംബ്ലിയെയും പരിഹസിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഭരണഘടനയെ കളിയാക്കുന്നു’, അമിത് ഷാ പറഞ്ഞു.

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലമുവില്‍ നടത്തിയ പ്രചരണ റാലിയിലാണ് അമിത് ഷായുടെ പ്രതികരണം. ഒബിസി, ദളിത്, ഗോത്ര വിഭാഗങ്ങളുടെ സംവരണം കുറച്ച് മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് മുസ്‌ലിം പണ്ഡിതന്മാരെ സഹായിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

നവംബര്‍ 26നെ ഭരണഘടനാ ദിനമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെയും അമിത് ഷാ പരിഹസിച്ചു. ‘കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. രാഹുല്‍ ഗാന്ധിയുടെ നാലാം തലമുറയ്ക്ക് പോലും ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ സാധിക്കില്ല’, അമിത് ഷാ പറഞ്ഞു.