ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പോരാടും : അനധികൃത കുടിയേറ്റം അനുവദിക്കില്ല : ഡൊണാൾഡ് ട്രംപ്


വാഷിങ്ടൻ: അമേരിക്കയുടെ 47ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം നന്ദിയറിയിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണൾഡ് ട്രംപ്. സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലെത്തിയത്.

അമേരിക്കയുടെ സുവര്‍ണകാലം വന്നെത്തിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് വ്യക്തമാക്കി. പോപ്പുലര്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ പോരാടും. അമേരിക്കയെ വീണ്ടും ഉന്നതിയിലെത്തിക്കും. നമ്മള്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. തൻ്റെ വിജയം രാജ്യത്തിന്റെ മുറിവുണക്കുമെന്നും അദ്ദേഹം പറഞു.

കൂടാതെ അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്നും ഒരു അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ജയത്തിന് പിന്നാലെ ട്രംപ് പ്രഖ്യപിച്ചു.
വലിയ രാഷ്ട്രീയ വിജയമാണ് ട്രംപ് നേടിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ട്രംപിന് 277 ഇലക്ടറൽ വോട്ടും, കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുകളുമാണ് ലഭിച്ചത്.

അമേരിക്കന്‍ പ്രസിഡൻ്റ് ചരിത്രത്തില്‍ 127 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരിക്കല്‍ തോൽവിയറിഞ്ഞ പ്രസിഡൻ്റ് വീണ്ടും അധികാരത്തിലെത്തുന്നത്.
അതേ സമയം ഡെമോക്രാറ്റിക് ക്യാമ്പുകൾ നിശബ്ദമായി കഴിഞ്ഞു. നേരത്തെ ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ് മാധ്യമങ്ങളെ കാണില്ലെന്ന് ഇതിനോടകം തന്നെ അറിയിച്ചു.