ട്രംപോ കമലയോ? ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്


ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. തീപാറിയ പ്രചാരണപ്രവർത്തനങ്ങൾക്കൊടുവിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും തമ്മിൽ നേർക്കുനേർ നടക്കുന്ന പോരാട്ടത്തിന്റെ ഫലം ലോകം ഉറ്റുനോക്കുകയാണ്.

ഇന്ത്യൻ സമയം ഇന്നു രാവിലെ 10.30-നാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിക്കുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച്ച പുലർച്ചെ പാരമ്പര്യം പിന്തുടർന്ന് ന്യൂഹാംഷയറിലെ ചെറുപട്ടണമായ ഡിക്സ്‌വിൽ നോച്ചിലെ ആറു രജിസ്റ്റേഡ് വോട്ടർമാർ വോട്ട് രേഖപ്പെടുത്തുന്നതോടെയാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിനായുള്ള വോട്ടെടുപ്പിന് തുടക്കമാകുക.

ഇന്ത്യൻസമയം ബുധനാഴ്ച ഉച്ചയോടെ അലാസ്കയിലാകും വോട്ടെടുപ്പിന്റെ പര്യവസാനം. ചില സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായേക്കുമെങ്കിലും തപാൽ വോട്ടുകൾ എണ്ണിത്തീരാത്ത ഇടങ്ങളിലെ ഫലമറിയാൻ വൈകും.ഇക്കുറി പോളിങ് ശതമാനം റെക്കോഡ് ഭേദിച്ചേക്കുമെന്നാണ് പ്രതീക്ഷ.

53.9 എന്ന ഉയർന്ന മുൻകൂർ വോട്ടിങ് ശതമാനം, രാജ്യത്തുടനീളം നിലനിൽക്കുന്ന തീവ്രതാത്പര്യങ്ങളെയും ഭിന്നാഭിപ്രായങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ്. ഒഹായോയിലെ ബട്‍ലർ കൗണ്ടിയിൽ രജിസ്റ്റേഡ് വോട്ടർമാരിൽ 25 പേരും മുൻകൂറായി വോട്ടുചെയ്തു.