ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍നിന്ന് നാലു മാസം മുന്‍പ് കാണാതായ യുവതിയെ ജിം പരിശീലകന് കൊലപ്പെടുത്തിയത് ‘ദൃശ്യം’ സിനിമയെ അനുകരിച്ച്. മൃതദേഹം കുഴിച്ചിട്ടത് ഡിസ്ട്രിക് മജിസ്ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതര്‍ താമസിക്കുന്ന മേഖലയില്‍. ജിം പരിശീലകനായ വിമല്‍ സോണിയാണ് ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയെ (32) കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഫോണ്‍ രേഖകളില്‍നിന്ന് ലഭിച്ച തെളിവുകളാണ് അറസ്റ്റിലേക്ക് നയിച്ചത്. വിഐപി മേഖലയില്‍ ആരും അറിയാതെ മൃതദേഹം കുഴിച്ചിട്ടത് പൊലീസിനെയും അതിശയിപ്പിച്ചു.
യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ജൂണ്‍ 24 മുതല്‍ അന്വേഷണം നടക്കുകയായിരുന്നു. ജിം പരിശീലകനായ വിമല്‍ സോണിയുമായി യുവതി അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും അടുത്തത്. വിമലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമല്‍ കാറില്‍ പുറത്തേക്ക് പോയി. തര്‍ക്കത്തിനിടെ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ വിമലിനെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടതായി പൊലീസ് പറഞ്ഞു. പൊലീസ് പിടിക്കാതിരിക്കാനാണ് വിഐപി മേഖലയില്‍ മൃതദേഹം കുഴിച്ചിട്ടതെന്നു വിമല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. വിഐപികള്‍ താമസിക്കുന്ന സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടത് പൊലീസിനെയും ഞെട്ടിച്ചു. ഇവിടെയുള്ള ഓരോ വീടുകളിലും സുരക്ഷാ ഉദ്യോഗസ്ഥനും സിസിടിവി ക്യാമറകളുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എല്ലാവരുടെയും കണ്ണു വെട്ടിച്ചാണ് കാറില്‍ ഇവിടെയെത്തി അഞ്ചു മണിക്കൂറോളം സമയമെടുത്ത് വിമല്‍ മൃതദേഹം കുഴിച്ചിട്ടത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പൊലീസിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.