കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: കരസേനയുടെ വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കരസേനയുടെ വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തു. 20 റൗണ്ടിലേറെ വെടിയുതിര്‍ത്തെന്നാണ് വിവരം. രാവിലെ ഏഴരയോടെ കശ്മീരിലെ അഖ്‌നൂരില്‍ ജോഗ്വാനിലെ ശിവാസന്‍ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഒളിച്ചിരുന്ന ഭീകരര്‍ വാഹനത്തിനുനേരെ വിവിധ ദിശകളില്‍നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കരസേനയുടെ ആംബുലന്‍സിനെയാണ് ഭീകരര്‍ ലക്ഷ്യമിട്ടതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഭീകരര്‍ക്കായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടങ്ങി. കശ്മീരില്‍ ഒരാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. സേനയുടെ വാഹനം ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ സംഭവവും. ഒക്ടോബര്‍ 25ന് ബാരാമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ടു പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു.

സൈനികരെ ആക്രമിക്കുന്നതിനു മുന്‍പു സൈനികവാഹനത്തിനു നേരെയും ആക്രമണമുണ്ടായി. ഒക്ടോബര്‍ 18ന് ഷോപിയാനില്‍ ഒരു തൊഴിലാളിയെ കൊലപ്പെടുത്തിയ ഭീകരര്‍ 20ന് ഗന്ദേര്‍ബാള്‍ ജില്ലയിലെ തൊഴിലാളി ക്യാംപിനു നേരെയും ആക്രമണമുണ്ടായി. ഏഴു പേരാണ് അന്ന് കൊല്ലപ്പെട്ടത്.