ഇസ്രയേല്‍ വലിയ തെറ്റ് ചെയ്‌തെന്ന് ഹീബ്രു ഭാഷയില്‍ അലി ഖമനയി,ഖമനയിയുടെ ഹീബ്രുവിലുള്ള അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്


ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയില്‍ തുടങ്ങിയ അക്കൗണ്ട് സമൂഹമാധ്യമമായ എക്‌സ് സസ്‌പെന്‍ഡ് ചെയ്തു. 2 ദിവസം മുന്‍പാണു ഖമനയി തന്റെ പ്രധാന അക്കൗണ്ടിനു പുറമെ എക്‌സില്‍ ഹീബ്രു ഭാഷയിലുള്ള പുതിയ അക്കൗണ്ട് തുടങ്ങിയത്. ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേലിനെ നിശിതമായി വിമര്‍ശിക്കുന്ന 2 പോസ്റ്റുകളും ഖമനയി പങ്കുവച്ചിരുന്നു.

ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയാണ് ഹീബ്രു. ഞായറാഴ്ചയാണ് അവസാനത്തെ പോസ്റ്റ് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ചത്. ‘സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റു ചെയ്തു. ഇറാനെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലും തെറ്റിയിരിക്കുന്നു. ഇറാനെന്ന ദേശത്തിന് എന്തുമാത്രം ശക്തിയും കഴിവും ആഗ്രഹവും പ്രേരണകളുമാണ് ഉള്ളതെന്ന് അവര്‍ക്ക് ഉടന്‍ മനസ്സിലാകും’ എന്നായിരുന്നു പോസ്റ്റ്.

ഖമനയിയുടെ പ്രധാന ഔദ്യോഗിക അക്കൗണ്ടില്‍ അപൂര്‍വമായി മാത്രമാണ് ഹീബ്രുവില്‍ വിവരങ്ങള്‍ പങ്കുവച്ചിരുന്നത്. കൂടുതലും ഇംഗ്ലിഷിലാണ് പോസ്റ്റുകള്‍. പ്രധാന അക്കൗണ്ടില്‍ ഇസ്രയേലിനെതിരെ കടുത്ത ഭാഷ ഉപയോഗിക്കാതിരിക്കാനും ഖമനയി ശ്രദ്ധിച്ചിരുന്നു.