യുവാവിനെ കുഴിച്ചിട്ട ഭാഗത്ത് രക്തക്കറ, സംശയം ഉന്നയിച്ച സുഹൃത്തിനോട് മുറുക്കാന്റെ കറയാണെന്നായിരുന്നു രമേഷിന്റെ പ്രതികരണം


അഹമ്മദാബാദ്: ശരീരത്തില്‍ സ്പര്‍ശിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ പുരുഷ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് 14 വര്‍ഷത്തിന് ശേഷം പിടിയില്‍. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ രമേഷ് ദേശായി എന്ന യുവാവിനെയാണ് 14 വര്‍ഷത്തെ ഒളിവ് ജീവിതത്തിനിടെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. സ്വവര്‍ഗ പങ്കാളിയായിരുന്ന മനീഷ് ഗുപ്തയേയാണ് ഇയാള്‍ 2010ല്‍ കൊലപ്പെടുത്തിയത്.

ശനിയാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. 14 വര്‍ഷമായി പൊലീസിനെ പറ്റിച്ച് കഴിഞ്ഞ യുവാവിനെ ക്രൈം ബ്രാഞ്ചാണ് കുടുക്കിയത്. പരിഹരിക്കാത്ത കേസുകള്‍ പുനപരിശോധിച്ചപ്പോഴാണ് കൊലപാതക കേസ് വീണ്ടും സജീവമായത്. മുംബൈയില്‍ നിന്ന് അഹമ്മദാബാദ് വഴി രാജസ്ഥാനിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന ഹിരാ സിംഗ് എന്നയാളുടെ പരാതിയിലാണ് മനീഷ് കൊല്ലപ്പെട്ടതായി പൊലീസ് കണ്ടെത്തിയത്.

രാജസ്ഥാനിലെ ഭില്‍വാര സ്വദേശിയായ രാജ്‌നാരായണ ഗുര്‍ജാര്‍ എന്നാണ് അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തോട് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. ഈ വിലാസത്തിലുള്ള ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും അടക്കമുള്ള തിരിച്ചറിയല്‍ രേഖകളും ഇയാള്‍ കാണിച്ചെങ്കിലും ഇയാളെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് കള്ളം പൊളിഞ്ഞത്.

2010 ജൂണ്‍ 26ന് ഉച്ച കഴിഞ്ഞ് 3 മണിയോടെ മനിഷ് ശരീരത്തില്‍ സ്പര്‍ശിച്ചതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റതോടെ യുവാവ് പങ്കാളിയെ ഇഷ്ടിക എടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ യുവാവിനെ അടുക്കളയില്‍ കുഴിച്ച് മൂടി യുവാവ് ജോലിക്ക് പോയി. എന്നാല്‍ ഇവര്‍ക്കൊപ്പം വീട്ടില്‍ താമസിച്ചിരുന്ന ഹരിസിംഗ് മനീഷിനേക്കുറിച്ച് ചോദിച്ചപ്പോള്‍ ജോലിക്ക് പോയതായാണ് മറുപടി നല്‍കിയത്.

യുവാവിനെ കുഴിച്ചിട്ട ഭാഗത്ത് രക്തക്കറ കണ്ടതോടെ സംശയം ഉന്നയിച്ച ഹരിസിംഗിനോട് മുറുക്കാന്റെ കറയാണെന്നായിരുന്നു രമേഷ് പ്രതികരിച്ചത്. പിന്നീട് മുറി വൃത്തിയാക്കിയ ശേഷം ഇയാള്‍ ജോലിക്ക് പോയി. എന്നാല്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ മൃതദേഹം അഴുകിയ മണം വന്നതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വിറ്റ ശേഷം ഉപയോഗിച്ചിരുന്ന ബൈക്ക് ഉപേക്ഷിച്ച ശേഷമായിരുന്നു ഇയാള്‍ ഒളിവില്‍ പോയത്. ഗ്രാമത്തില്‍ പൊലീസ് അന്വേഷിച്ചെത്തിയെന്ന് മനസിലായതിന് പിന്നാലെ രാജസ്ഥാനിലേക്ക് ഒളിച്ച് കടന്ന യുവാവ് എട്ട് വര്‍ഷത്തോളം ഭില്‍വാരയില്‍ താമസിക്കുകയും ഇവിടെ നിന്ന് തിരിച്ചറിയല്‍ രേഖകളും സംഘടിപ്പിക്കുകയായിരുന്നു. 2018ല്‍ മുംബൈയിലേക്ക് താമസം മാറിയ ഇയാള്‍ 2021ല്‍ വിവാഹിതനാവുകയും ചെയ്തിരുന്നു.