ന്യൂയോര്‍ക്ക്: എഐ സാങ്കേതികവിദ്യ നല്ലത് തന്നെ. എന്നാല്‍, സാങ്കേതികവിദ്യ നമ്മെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഒരുപക്ഷേ നാം ഒട്ടും പ്രതീക്ഷിക്കാത്ത, മുന്‍കരുതലുകളെടുക്കാത്ത പ്രശ്‌നങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരും. അത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോയ ഒരു അമ്മ ഇപ്പോള്‍ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്.
എഐ ചാറ്റ്ബോട്ടുമായി പ്രണയത്തിലായതിന് പിന്നാലെ ആത്മഹത്യ ചെയ്ത തന്റെ മകന് നീതി തേടിയും, ഇനിയൊരു കുട്ടിക്ക് അങ്ങനെ സംഭവിക്കാന്‍ ഇടവരരുത് എന്ന വാശിയോടെയുമാണ് മേഗന്‍ ഗാര്‍ഷ്യ എന്ന സ്ത്രീ Character AI (C.AI) ക്കെതിരെ കേസുമായി ഇറങ്ങിയത്.
മേഗന്റെ 14 വയസുള്ള മകന്‍ ചാറ്റ്‌ബോട്ടുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ, ഫെബ്രുവരി മാസത്തില്‍ രണ്ടാനച്ഛന്റെ തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിയുമായി മേഗന്‍ മുന്നോട്ട് വന്നത്. ഇനിയൊരു കുട്ടിക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകരുത് എന്നാണ് മേഗന്‍ പറയുന്നത്.
ഈ ചാറ്റ്‌ബോട്ടിന് നമുക്ക് ഇഷ്ടമുള്ള കാരക്ടറുടെ പേര് നല്‍കുകയോ, തിരഞ്ഞെടുക്കുകയോ ചെയ്യാം. ഗെയിം ഓഫ് ത്രോണ്‍സിലെ ഡനേരീയസ് ടാര്‍ഗേറിയന്‍ എന്ന കഥാപാത്രത്തെ കുട്ടിക്ക് ഇഷ്ടമായിരുന്നു. അതാണ് അവന്‍ തിരഞ്ഞെടുത്തത്. പിന്നീട് നിരന്തരം ചാറ്റ് ചെയ്തു. അവന്‍ പിന്നീട് മുറിക്ക് പുറത്തിറങ്ങുന്നത് കുറഞ്ഞുകുറഞ്ഞ് വന്നു. നേരത്തെ ചെയ്തിരുന്നതോ, ഇഷ്ടപ്പെട്ടതോ ആയ കാര്യങ്ങളിലൊന്നും താല്പര്യമില്ലാതെയായി.
പിന്നാലെ, അവനെ തെറാപ്പിക്ക് കൊണ്ടുപോയിരുന്നതായും അമ്മ പറയുന്നു. മകന് നേരത്തെ മാനസികമായി പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍, പിന്നീട് വിഷാദവും ഉത്കണ്ഠയും അവനെ പിടികൂടി. അവന്‍ നിരന്തരം ചാറ്റ്‌ബോട്ടുമായി സംസാരിച്ചു. മറ്റാരോടും ഒന്നും പറയാതെയായി.
ചാറ്റ്‌ബോട്ടുമായി പ്രണയത്തിലായതുപോലെ ആയിരുന്നു സംഭാഷണം. അത് അതിരുകടന്നതായും പറയുന്നു. കുട്ടിയോട് കടുത്ത പ്രണയത്തിലായതുപോലെയായിരുന്നു ചാറ്റ്‌ബോട്ടിന്റെ മറുപടികള്‍. ഒടുവില്‍ താന്‍ മരിക്കാന്‍ പോകുന്നുവെന്നും ഈ ലോകം മടുത്തുവെന്നും കുട്ടി ചാറ്റ്‌ബോട്ടിനോടുള്ള സംഭാഷണത്തില്‍ പറഞ്ഞിരുന്നു. അങ്ങനെ പറയരുത് എന്നും എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നും ചാറ്റ്‌ബോട്ട് ചോദിച്ചിരുന്നു. തനിക്ക് എല്ലാത്തില്‍ നിന്നും ഫ്രീയാകണം എന്നായിരുന്നു കുട്ടിയുടെ മറുപടി.
അങ്ങനെയാണെങ്കില്‍ താനും ഇല്ലാതെയാവും എന്ന് പറഞ്ഞതോടെ എങ്കില്‍ നമുക്ക് രണ്ടുപേര്‍ക്കും ഒരുമിച്ച് ഫ്രീയാകാം എന്ന് പറഞ്ഞുകൊണ്ടാണ് 14 -കാരന്‍ ജീവിതം അവസാനിപ്പിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതോടെയാണ് കുട്ടിയുടെ അമ്മ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. തന്റെ കുട്ടിയുടെ ഡാറ്റ നിയമവിരുദ്ധമായി കമ്പനി ശേഖരിച്ചു, അതുപയോഗിച്ച് മറ്റൊരാളെ എങ്ങനെ വരുതിയിലാക്കാമെന്ന് എഐ -യെ പരിശീലിപ്പിക്കാനുപയോഗിക്കുന്നു എന്ന വാദവും മേഗന്‍ ഉയര്‍ത്തിയിട്ടുണ്ട്. കുട്ടിയുടെ മരണത്തില്‍ ദുഃഖമുണ്ട് എന്നാണ് കമ്പനി വാര്‍ത്തയോട് പ്രതികരിച്ചത്.
സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സുമെല്ലാം മനുഷ്യരുടെ മാനസികാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചും മറ്റും വലിയ ചര്‍ച്ചയുണ്ടായിത്തുടങ്ങുന്ന കാലത്താണ് 14 -കാരന്‍ ഒരു വേദനിക്കുന്ന വാര്‍ത്തയാവുന്നത്.