വനിത അന്തേവാസികള്‍ ആശ്രമത്തില്‍ താമസിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം, ആരും നിര്‍ബന്ധിച്ചിട്ടല്ല


ന്യൂഡല്‍ഹി: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി. ആശ്രമത്തിലെ രണ്ട് വനിതാ അന്തേവാസികളുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്.

വനിത അന്തേവാസികള്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് താമസിക്കുന്നതെന്ന് ബോധ്യമായെന്ന് കോടതി പറഞ്ഞു. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതി ഫൗണ്ടേഷനെതിരെ നടത്താന്‍ നിര്‍ദ്ദേശിച്ച അന്വേഷണവും സുപ്രീംകോടതി റദ്ദാക്കി.

 

എന്നാല്‍ ഉത്തരവ് ഇഷാ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട സംസ്ഥാന പൊലീസ് നടത്തുന്ന മറ്റ് അന്വേഷണങ്ങളെ ബാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി നല്‍കിയ വനിത അന്തേവാസികളുടെ പിതാവിന് ഇവരെ പൊലീസിനൊപ്പമല്ലാതെ ആശ്രമത്തിലെത്തി കാണാമെന്നും കോടതി അറിയിച്ചു. ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വ്യക്തി താല്‍പര്യത്തിനപ്പുറം രാഷ്ട്രീയ താല്‍പര്യമുണ്ടോ എന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.