ഹരിശ്രീ ഗണപതയേ നമഃ, അറിവിന്റെ ആരംഭം വിദ്യാരംഭം; ഇന്ന് വിജയദശമി



ഇന്ന് വിദ്യാരംഭം. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും നാവില്‍ സ്വര്‍ണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും. ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്നു. വിദ്യാദേവതയായ സരസ്വതിയും അധര്‍മ്മത്തെ തകര്‍ത്ത് ധര്‍മ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുര്‍ഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമി.

ഹരിശ്രീ ഗണപതയേ നമഃ എന്ന ആദ്യാക്ഷരങ്ങള്‍ വിദ്യാദേവതയായ സരസ്വതിദേവിയുടെ നാമം ഉത്തമനായ ഗുരുവില്‍ നിന്നും നാവില്‍ സ്വീകരിച്ചുകൊണ്ട് നല്ലതു പറയാനും, ചിന്തിക്കാനും, കൈവിരലുകളാല്‍ മണ്ണിലോ, അരിയിലോ ആദ്യാക്ഷരം കുറിച്ചു കൊണ്ട് ആ ജ്ഞാനസൗഭാഗ്യത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാനും ആരംഭം കുറിക്കുന്ന ദിനമാണിന്ന്.

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, വടക്കന്‍ പറവൂര്‍ മൂകാംബിക ക്ഷേത്രം, പാലക്കാട് ഹേമാംബിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ഞാങ്ങാട്ടിരി വള്ളുവനാടന്‍ മൂകാംബിക ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, വര്‍ക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂര്‍ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം തുടങ്ങിയ സരസ്വതി ക്ഷേത്രങ്ങളിലെ വിദ്യാരംഭം ഏറെ പ്രസിദ്ധമാണ്.