വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. തന്റെ ഏറ്റവുമടുത്ത സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് മോദിയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഫ്‌ളാഗ്രന്റ് പോഡ്കാസ്റ്റ് പരിപാടിയില്‍ ലോകത്തിലെ പ്രമുഖരായ നേതാക്കളെ കുറിച്ച് വിലയിരുത്തുമ്പോാഴാണ് മോദിയെ കുറിച്ചും ട്രംപ് സംസാരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി മോദി തന്റെ നല്ല സുഹൃത്തും സര്‍വോപരി നല്ലൊരു മനുഷ്യനുമാണ്. മോദി പ്രധാനമന്ത്രിയാവുന്നതിനുമുന്‍പ് ഇന്ത്യ അസ്ഥിരമായ അവസ്ഥയിലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ടോട്ടല്‍ കില്ലര്‍ എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്.
2019-ല്‍ ടെക്‌സസില്‍ നടന്ന ഹൗഡി മോദി പരിപാടിയേക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചു. ഹൂസ്റ്റണില്‍ നടന്ന പരിപാടി തനിക്കൊരിക്കലും മറക്കാനാവില്ലെന്ന് ട്രംപ് പറഞ്ഞു.
‘ഹൗഡി മോദി എന്ന പേരില്‍ ടെക്‌സസില്‍ അവരൊരു പരിപാടി നടത്തിയിരുന്നു. ഞാനും അദ്ദേഹവുമാണതില്‍ പങ്കെടുത്തത്. മനോഹരമായ അനുഭവമായിരുന്നു അത്. എണ്‍പതിനായിരത്തോളംപേര്‍ പങ്കെടുത്ത സമ്മേളനമായിരുന്നു അത്. ഞങ്ങള്‍ ഒരുമിച്ച് ജനങ്ങളോട് സംസാരിച്ചു. ഇന്ന് ചിലപ്പോള്‍ അതുപോലൊന്ന് സംഘടിപ്പിക്കാന്‍ എനിക്ക് കഴിയില്ലായിരിക്കും.’ ട്രംപ് കൂട്ടിച്ചേര്‍ത്തു.