ബിഎംഡബ്ല്യൂ കാര്‍ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍: പ്രമുഖ വ്യവസായി മുംതാസ് അലിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
മംഗളൂരു: മംഗളൂരു നോര്‍ത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മുഹ്യുദ്ദീന്‍ ബാവയുടെ സഹോദരനെ കാണാതായതായി പരാതി. വ്യവസായിയും പൊതുപ്രവര്‍ത്തകനുമായ മുംതാസ് അലി (52) ആണ് ദൂരുഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനായത്.
ഇതിന് പിന്നാലെ ദേശീയപാതയില്‍ കുളൂര്‍ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ അദ്ദേഹത്തിന്റെ ബിഎംഡബ്ല്യൂ കാര്‍ കണ്ടെത്തി. വാഹനത്തിന്റെ മുന്‍വശത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നദിയില്‍ ചാടിയതാകമെന്ന സംശയത്തില്‍ പൊലീസ് പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ‘ഞാന്‍ മടങ്ങിവരില്ല’ എന്ന് മുംതാസ് അലി മകള്‍ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനായ മുംതാസ് അലി പ്രാദേശിക ജമാഅത്തിലെ പ്രധാനി കൂടിയാണ്. പ്രാഥമിക അന്വേഷണത്തില്‍, പുലര്‍ച്ചെ മൂന്ന് മണിയോടെ വീട്ടില്‍ നിന്ന് കാറില്‍ പുറപ്പെട്ട ഇദ്ദേഹം, നഗരത്തില്‍ കറങ്ങിയിരുന്നതായും അഞ്ച് മണിയോടെ കുളൂര്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയതായും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.