അമിത വേഗത്തിലെത്തിയ ടാങ്കര്‍ലോറി ബസില്‍ ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം


ജയ്പൂര്‍: അമിത വേഗത്തിലെത്തിയ ടാങ്കര്‍ലോറി ബസില്‍ ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. അഞ്ചുപേര്‍ തത്ക്ഷണം മരിച്ചെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് ദാരുണ സംഭവം. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലാണ് ടാങ്കര്‍ ഇടിച്ചുകയറുന്നത്. തുടര്‍ന്ന് 15പേര്‍ ബസിനും മറിഞ്ഞ ടാങ്കറിനും അടിയില്‍പ്പെട്ടു.

അഞ്ചുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ പത്തുപേരെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11.30നായിരുന്നു അപകടം. ക്രെയിന്‍ എത്തിച്ചാണ് ബസും ലോറിയും ഉയര്‍ത്തിയത്.

ഇതിന് ശേഷമാണ് ആള്‍ക്കാരെ പുറത്തെടുത്തത്. ഒരു ബൈക്ക് പൂര്‍ണമായും തകര്‍ന്നുതരിപ്പണമായി. നടുക്കുന്ന അപകട ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് ഗുരുതരമായ അപകടത്തിന് കാരണമായതെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.