വാട്‌സ്ആപ്പില്‍ വരുന്നത് വലിയ മാറ്റം: വിശദാംശങ്ങള്‍ ഇങ്ങനെ



തിരുവനന്തപുരം: വാട്സ്ആപ്പില്‍ വീണ്ടും മാറ്റങ്ങള്‍ വരുന്നു. റീഡിസൈന്‍ ചെയ്ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി നല്‍കാനും വാട്സ്ആപ്പില്‍ കഴിയും.

Read Also: സൗര കൊടുങ്കാറ്റ് ഭൂമിയിലേക്ക് എത്തുന്നു, വരും ദിവസങ്ങൾ ഭൂമിക്ക് നിർണായകം

മെറ്റയുടെ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്സ്ആപ്പിലേക്ക് അടുത്ത ഫീച്ചര്‍ വരികയാണ്. പുതുക്കി ഡിസൈന്‍ ചെയ്ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് അടുത്ത അവതാരം. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും പുതിയ ഫീച്ചര്‍ ലഭ്യമാകും. ഒരാള്‍ മെസേജ് ടൈപ്പ് ചെയ്യുമ്പോള്‍ വാട്സ്ആപ്പ് യൂസര്‍ ഇന്റര്‍ഫേസിന്റെ ഏറ്റവും മുകളിലായി, അതായത് ഫോണ്‍ സ്‌ക്രീനിന് ഏറ്റവും മുകളിലായി ‘ടൈപ്പിംഗ്’ എന്ന് എഴുതി കാണിക്കുകയാണ് നിലവിലുള്ള രീതി. എന്നാല്‍ പുതിയ അപ്ഡേറ്റോടെ ഇതില്‍ മാറ്റം വരും. ചാറ്റ് ഇന്റര്‍ഫേസിനുള്ളില്‍ അവസാന മെസേജിന് താഴെയായി ടൈപ്പ് ചെയ്യുന്നു എന്ന സൂചനയായി മൂന്ന് ഡോട്ട് മാര്‍ക്കുകളാണ് ഇനി മുതല്‍ പ്രത്യക്ഷപ്പെടുക.

വാട്സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് 2.24.21.18 ബീറ്റാ വേര്‍ഷനിലാണ് പുതിയ അപ്ഡേറ്റ് പരീക്ഷിക്കുന്നത്. ഐഒഎസ് 24.20.10.73 ടെസ്റ്റ്ഫ്‌ലൈറ്റ് വേര്‍ഷനിലും ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററിന്റെ റീഡിസൈന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

അതേസമയം ടൈപ്പിംഗിന് പകരം ഓഡിയോ സന്ദേശമാണ് വരുന്നത് എങ്കില്‍ മൈക്കിന്റെ ചിഹ്നമായിരിക്കും ചാറ്റ് ഇന്റര്‍ഫേസിനുള്ളില്‍ കാണിക്കുക. ഇതിന് പകരം മുമ്പ് കാണിച്ചിരുന്നത് ‘റെക്കോര്‍ഡിംഗ്’ എന്ന എഴുത്തായിരുന്നു. ബീറ്റാ ടെസ്റ്റ് കഴിയുന്നതോടെ സ്‌ക്രീനിന് ഏറ്റവും മുകളിലായി നിലവിലുള്ള ടൈപ്പിംഗ് ഇന്‍ഡിക്കേറ്റര്‍ അപ്രത്യക്ഷമാകും. വരും ആഴ്ചകളില്‍ കൂടുതല്‍ പേര്‍ക്ക് പുത്തന്‍ ഫീച്ചര്‍ ലഭ്യമാകും എന്നും വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.