നീണ്ട 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഔദ്യോഗിക വസതി ഒഴിഞ്ഞ് അരവിന്ദ് കെജരിവാള്‍


ഡല്‍ഹി:   ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഒമ്പത് വര്‍ഷത്തോളം അരവിന്ദ് കെജ്രിവാള്‍ താമസിച്ചിരുന്നത് 6 ഫ്‌ലാഗ്സ്റ്റാഫ് റോഡിലെ ഈ വസതിയിലായിരുന്നു. പഞ്ചാബില്‍ നിന്നുള്ള എഎപി രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ച 5 ഫിറോസ്ഷാ റോഡിലെ ബംഗ്ലാവിലാണ് കെജ്രിവാളും കുടുംബവും ഇനി താമസിക്കുക. എഎപി ആസ്ഥാനത്തിന് അടുത്തായാണ് കെജ്രിവാളിന്റെ പുതിയ വസതി. ഭാര്യ സുനിത, മകന്‍, മകള്‍, മാതാപിതാക്കള്‍ എന്നിവരോടൊപ്പമായിരുന്നു അരവിന്ദ് കെജ്രിവാള്‍ ഇവിടെ താമസിച്ചിരുന്നത്.

കെജ്രിവാളിനും കുടുംബത്തിനും വസതിയിലെ ജീവനക്കാര്‍ വന്‍ യാത്രയയപ്പാണ് നല്‍കിയത്. രണ്ട് മിനി ട്രക്കുകളിലായാണ് കുടുംബത്തിന്റെ വീട്ടുപകരണങ്ങള്‍ കൊണ്ടുപോയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഗ്‌നിശുദ്ധി വരുത്തിയതിന് ശേഷമേ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയുള്ളൂ എന്ന് രാജിപ്രഖ്യാപിച്ച ശേഷം കെജ്രിവാള്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയായിരുന്നു ഔദ്യോഗിക വസ്തി ഒഴിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മദ്യനയ അഴിമതി ആരോപണത്തില്‍ അഞ്ചുമാസം ജയിലില്‍ കഴിഞ്ഞ കെജ്രിവാള്‍ സുപ്രീംകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 13നാണ് പുറത്തിറങ്ങിയത്.