ഹിസ്ബുല്ല തലവനെ വധിച്ചതില്‍ യുവാക്കളുടെ പ്രതിഷേധ പ്രകടനം


ശ്രീനഗര്‍: ലെബനനിലെ സായുധ സേന ഹിസ്ബുല്ലയുടെ തലവന്‍ ഹസന്‍ നസ്രള്ളയെ ഇസ്രയേല്‍ വധിച്ചതില്‍ പ്രതിഷേദിച്ച് ജമ്മു കശ്മീരില്‍ പ്രതിഷേധം. ബെയ്‌റൂട്ടില്‍ വ്യോമാക്രമണം നടത്തിയാണ് ഇസ്രയേല്‍ ഹിസ്ബുല്ല തലവനെ വധിച്ചത്. ഇസ്രയേലിന്റെ അവകാശ വാദത്തിന് പിന്നാലെ ഇക്കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് കശ്മീരിലെ ബുദ്ഗാമില്‍ നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നടന്നത്. ഹിസ്ബുല്ല തലവന്റെ ചിത്രം പതിച്ച പോസ്റ്ററുകളും ഇവര്‍ ഉയര്‍ത്തിക്കാട്ടി.

ശ്രീനഗറിലെ ഓള്‍ഡ് സിറ്റിയിലും സമാന
പ്രതിഷേധം നടന്നു. മുന്‍ മുഖ്യമന്ത്രി മെഹബൂബ് മുഫ്തി ഹിസ്ബുല്ല തലവനെ രക്തസാക്ഷി എന്ന് വിളിച്ചതും വിവാദമായി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിഡിപിയുടെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിക്കൊണ്ടാണ് അവര്‍ ഈ പ്രസ്താവന നടത്തിയത്. ഗാസ, ലെബനന്‍ എന്നിവിടങ്ങളിലെ രക്തസാക്ഷികളോടും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അവര്‍ വ്യക്തമാക്കി.

സീനിയര്‍ ഇറാന്‍ ജനറല്‍ അബ്ബാസ് നില്‍ഫറോഷാന്‍, ഹസ്സന്‍ നസ്രള്ളയുടെ മകള്‍ സൈനബ്, ഹിസ്ബുള്ള സതേണ്‍ ഫ്രണ്ട് കമ്മാന്‍ഡര്‍ അലി കരകി എന്നിവരും വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.