ഉത്തരേന്ത്യന്‍ തൊഴിലാളികളെന്ന വ്യാജേന ജോലി തേടി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന, 6 ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റില്‍
ചെന്നൈ: മതിയായ രേഖകളില്ലാതെ രാജ്യത്തെത്തിയ ആറ് പേരെ തിരുപ്പൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തന്‍വീര്‍, റാസിബ് തവോണ്‍, മുഹമ്മദ് അസ്ലം, മുഹമ്മദ് അല്‍ ഇസ്ലാം, മുഹമ്മദ് രാഹുല്‍ അമിന്‍, സൗമുന്‍ ഷെയ്ഖ് എന്നിവര്‍ ബംഗ്ലാദേശ് പൗരന്മാരാണ്. ഇവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
തിരുപ്പൂര്‍ സൗത്ത് പോലീസും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും ചേര്‍ന്ന് നടത്തിയ ഡോക്യുമെന്റ് വെരിഫിക്കേഷന്‍ ഡ്രൈവിലാണ് ഇവര്‍ പിടിയിലായത്. തിരുപ്പൂരിലെ കുടിയേറ്റ തൊഴിലാളികളുടെ ആധാറും മറ്റ് തിരിച്ചറിയല്‍ രേഖകളും പരിശോധിക്കുന്നതിനിടെ സംശയാസ്പദമായ രീതിയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്ക് ആധാറോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഹാജരാക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ അന്വേഷണത്തില്‍ ഇവര്‍ ബംഗ്ലാദേശ് പൗരന്മാരാണെന്ന് കണ്ടെത്തി.
പ്രദേശത്തെ ഒരു ടെക്സ്റ്റൈല്‍ കമ്പനിയില്‍ 15 ദിവസം മുമ്പ് ഉത്തരേന്ത്യന്‍ തൊഴിലാളികളെന്ന വ്യാജേന ആറുപേരും എത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കമ്പനി നടത്തിയ ഐഡന്റിറ്റി പരിശോധനയില്‍ ബംഗ്ലാദേശ് പൗരന്മാരാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അവര്‍ക്ക് ജോലി നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.