ഇന്ത്യന്‍ ഓഹരി വിപണിക്ക് ചരിത്ര നേട്ടം; 470.51 ലക്ഷം കോടി കടന്ന് വിപണി മൂല്യം


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച വിപണി മൂല്യം 470.51 ലക്ഷം കോടി കടന്നു. സെന്‍സെക്‌സ് 83,184.34 പൊയിന്റിലെത്തി പുതിയ ഉയരം കുറിച്ചതൊടെയാണ് വിപണി മൂല്യവും കുതിച്ച് ഉയര്‍ന്ന് പുതിയ നേട്ടം കരസ്ഥമാക്കിയത്.

തുടര്‍ച്ചയായി അഞ്ച് ആഴ്ച നേട്ടം ഉണ്ടാക്കിയ ഓഹരി വിപണി ഇടയ്ക്ക് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞയാഴ്ച വിപണി തിരിച്ചുകയറുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെ വിപണി മൂല്യത്തിലും വര്‍ദ്ധനവുണ്ടായി. ഭാരതി എയര്‍ടെല്‍ ആണ് ഏറ്റവുമധികം മുന്നേറ്റം രേഖപ്പെടുത്തിയത്. ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ മാത്രം 54,282 കോടിയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 9,30,490 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഐസിഐസിഐ ബാങ്ക് ആണ് തൊട്ടുപിന്നില്‍.വിപണി മൂല്യത്തിലുണ്ടായ വര്‍ദ്ധനവ് ശക്തമായ സമ്പദ്വ്യവസ്ഥയുടെ പ്രതിഫലനമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.