മെഡിക്കൽ വിദ്യാർഥികൾ ലോറിയിടിച്ചു മരിച്ച സംഭവം, ഇൻഷുറൻസ് കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
കോഴിക്കോട്: ലോറിയിടിച്ച് മരിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം. പേരാമ്പ്ര മേഞ്ഞാണ്യം അത്തോത്ത് വിഷ്ണുജിത്ത്(21), വടകര ചോമ്പാല തൗഫീഖ് മൻസിലിൽ മുഹമ്മദ് ഫായിസ്(20) എന്നിവരുടെ മരണത്തിലാണ് ഇൻഷുറൻസ് കമ്പനി പണം നൽകണമെന്ന് വടകര മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വിധിച്ചത്.
രണ്ട് യുവാക്കളുടെയും കുടുംബത്തിനുമായി 46,77,000 രൂപ വീതവും ഇതിന്റെ എട്ട് ശതമാനം പലിശയും കോടതി ചെലവും നൽകണമെന്നാണ് വിധി. 2019 ജൂലൈ 30നായിരുന്നു സുഹൃത്തുക്കളും ചൈനയിൽ മെഡിക്കൽ വിദ്യാർത്ഥികളുമായിരുന്ന യുവാക്കൾ അപകടത്തിൽപെടുന്നത്.
ചോമ്പാലയിലേക്ക് പോവുകയായിരുന്ന വിഷ്ണുജിത്തും ഫായിസും സഞ്ചരിച്ച കാറിൽ ദേശീയ പാതയിൽ അയനിക്കാട് കുറ്റിയിൽപ്പീടികക്ക് സമീപത്ത് വച്ച് എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.