മൂന്നടി താഴ്ചയിലുള്ള കുഴിയില്‍ നിന്ന് കണ്ടെത്തിയ നൈറ്റി ധരിച്ച മൃതദേഹം സുഭദ്രയുടേത് തന്നെ: മകന് തിരിച്ചറിഞ്ഞു
ആലപ്പുഴ: മാരാരിക്കുളം കോര്‍ത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേര്‍ന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശി സുഭദ്രയുടേതെന്ന് (73) തിരിച്ചറിഞ്ഞു. സുഭദ്രയുടെ മകന് രാധാകൃഷ്ണനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എറണാകുളം കനയന്നൂര്‍ ഹാര്‍മണി ഹോംസ് ചക്കാല മഠത്തില്‍ സുഭദ്രയെ കാണാനില്ലെന്ന് മകന് രാധാകൃഷ്ണന് ഓഗസ്റ്റ് നാലിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ആന്തരിക അവയവങ്ങളുടെ ഉള്‍പ്പെടെ സാമ്പിള്‍ ശേഖരിക്കും
ദൂരെയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാറുള്ള സുഭദ്രയെ നാലാം തീയതി രാത്രി 8.30നു ശേഷമാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കോര്‍ത്തശ്ശേരിയിലെ വീടിനടുത്തുള്ള പറമ്പില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. അവിടെ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളെ കാണാന്‍ സുഭദ്ര പതിവായി വരുമായിരുന്നെന്നാണ് വിവരം. തുടര്‍ന്ന് വീടിനു സമീപത്ത് പൊലീസ് നായയെ എത്തിച്ചു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചി സിറ്റിയിലെ കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ കൃത്യസ്ഥലം ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കാട്ടൂര്‍ ആണെന്ന് കാണിച്ച് തുടര്‍ന്നുള്ള അന്വേഷണം മണ്ണഞ്ചേരി പൊലീസിന് കൈമാറി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് സുഭദ്ര കോര്‍ത്തശ്ശേരിയിലെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നു സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയത്.
കാട്ടൂര്‍ സ്വദേശി മാത്യൂസ്, ഭാര്യ ശര്‍മിള എന്നിവരാണ് കോര്‍ത്തുശേരിയിലെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്നത്. ഇവരെ കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് 7നു കോര്‍ത്തുശേരിയിലെ കൂലിപ്പണിക്കാരനെക്കൊണ്ട് വീടിനു സമീപത്തു കുഴി എടുത്തെന്നു പൊലീസ് കണ്ടെത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണ്ണുനീക്കി പരിശോധന ആരംഭിച്ചത്.
സുഭദ്രയുടെ സ്വര്‍ണം ദമ്പതികള്‍ കൈക്കലാക്കിയിരുന്നെന്നും അതേ കുറിച്ചുള്ള തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്. സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ അവിടെനിന്ന് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം. ഇരുവരും ഒളിവിലാണ്.