തിരുവനന്തപുരം: ഓണം പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതോടെ 3200 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. ഈ മാസത്തെ പെന്‍ഷന്‍ കൂടാതെ ഒരു മാസത്തെ കുടിശിക കൂടിയാണ് അനുവദിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിക്കും.
സാമ്പത്തിക പ്രസിസന്ധി മൂലം ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങിയിരുന്നു. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ വിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതോടെയാണ് ഓണക്കാലത്ത് രണ്ടു മാസത്തെ പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നത്. ഓണക്കാലത്ത് ഒരു ഗഡു കുടിശികയെങ്കിലും നല്‍കാനുള്ള സര്‍ക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പായതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതികരിച്ചു. പെന്‍ഷന്‍ വിതരണത്തിന് പ്രഥമ മുന്‍ഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.