ഭൂമി കുഴിഞ്ഞ് കാണാതായ 48കാരിയെക്കുറിച്ച് വിവരമില്ല, ലഭിച്ചത് ഒരു ചെരിപ്പ് മാത്രം


ക്വാലാലംപൂര്‍: നടപ്പാതയിലെ ഭൂമി കുഴിഞ്ഞ് കാണാതായ ഇന്ത്യക്കാരിക്കായുള്ള തെരച്ചില്‍ അതീവ അപകടം പിടിച്ച നിലയിലെന്ന് അധികൃതര്‍. എട്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അധികൃതരുടെ പ്രതികരണമെത്തുന്നത്. തുടര്‍ന്നും മുങ്ങല്‍ വിദഗ്ധരെ മേഖലയില്‍ തെരച്ചിലിന് ഇറക്കുന്നത് അപകടകരമാണെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.

ഓഗസ്റ്റ് 23ന് കാണാതായ ഇന്ത്യന്‍ യുവതിയായ വിജയ ലക്ഷ്മി ഗാലിയെ കണ്ടെത്താനായി 110 രക്ഷാ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ പ്രയത്‌നിക്കുന്നത്. ആദ്യത്തെ 17 മണിക്കൂറിനുള്ളില്‍ നടത്തിയ തെരച്ചിലില്‍ വിജയ ലക്ഷ്മിയുടെ ചെരുപ്പ് കണ്ടെത്തിയത് അല്ലാതെ മറ്റൊന്നും തന്നെ തെരച്ചിലില്‍ കണ്ടെത്താനായിട്ടില്ല.

ഭൂഗര്‍ഭ അഴുക്ക് ചാലില്‍ തെരച്ചില്‍ നടത്താനിറങ്ങിയ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ അടിയൊഴുക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു ഇതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വിശദമാക്കുന്നത്. കോണ്‍ക്രീറ്റ് അടക്കമുള്ള അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ ഒരു മുങ്ങല്‍ വിദഗ്ധനേയും അഴുക്ക് ചാല്‍ ശുചീകരണ തൊഴിലാളിയേയും ഏറെ പാടുപെട്ടാണ് ഒപ്പമുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകര്‍ മുകളിലേക്ക് കയറ്റിത്.

സ്‌കൂബാ ഡൈവിംഗ് ഉപകരണങ്ങളുമായി അഴുക്ക് ചാലില്‍ തെരച്ചിലിന് ഇറങ്ങിയ സംഘത്തിന് കാഴ്ച ലഭ്യമാകാത്ത സാഹചര്യവും ശക്തമായ അടിയൊഴുക്കുമാണ് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ ആദ്യം രൂപം കൊണ്ട സിങ്ക് ഹോളിന് അന്‍പത് മീറ്റര്‍ അകലെ മറ്റൊരു സിങ്ക് ഹോളും രൂപം കൊണ്ടതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

48കാരിയെ കാണാതായ സിങ്ക് ഹോളില്‍ നിന്ന് 44 മീഴത്തില്‍ ദൂരത്തില്‍ വരെയുള്ള മാലിന്യങ്ങള്‍ മാറ്റി പരിശോധന നടത്താനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്. 48കാരിയുടെ കുടുംബാംഗങ്ങള്‍ക്ക് മലേഷ്യ വിസ കാലാവധി നിലവില്‍ നീട്ടി നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ അനുശോചനത്തില്‍ പങ്കുചേരുന്നതിനായി സിറ്റി ഹാളില്‍ നടക്കേണ്ടിയിരുന്ന ദേശീയ ദിനാചരണം മലേഷ്യ റദ്ദാക്കിയിരുന്നു.

കുടുംബാംഗങ്ങള്‍ക്കൊപ്പം ക്വാലാലംപൂരിലെ ജലാന്‍ ഇന്ത്യ മസ്ജിദിന് സമീപത്തെ നടപ്പാതയിലൂടെ നടന്ന് പോവുന്നതിനിടെയാണ് ആന്ധ്രപ്രദേശിലെ കുപ്പത്തിലുള്ള അനിമിഗാനിപള്ളി സ്വദേശിനിയായ വിജയ ലക്ഷ്മി ഗാലിയെയാണ് ഓഗസ്റ്റ് 23ന് കാണാതായത്.

നിരവധിപ്പേരുള്ള നടപ്പാതയില്‍ വിജയലക്ഷ്മിക്ക് അപകടമുണ്ടാവുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിരുന്നു. മകനും ഭര്‍ത്താവിനൊപ്പം സുഹൃത്തുക്കളെ കാണാനായി രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് വിജയലക്ഷ്മി മലേഷ്യയില്‍ എത്തിയത്. മടക്കയാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.