ഔഷധമെന്ന് കരുതി അരളി ഇലയുടെ ജ്യൂസ് കുടിച്ചു: കോട്ടയത്ത് ഗൃഹനാഥൻ വിഷാംശം ഉളളിൽചെന്ന് മരിച്ചു


കോട്ടയം: വിഷാംശം ഉള്ളിൽചെന്ന് ​ഗൃഹനാഥൻ മരിച്ചു. കോട്ടയം മൂലവട്ടത്ത് ആണ് സംഭവം. മുപ്പായിപാടത്ത് വിദ്യാധരൻ(63) എന്നയാളാണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കൾ പറയുന്നു. ഇദ്ദേഹം ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കളുടെ വിശദീകരണം.

വീട്ടിൽവെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ആദ്യഘട്ടത്തിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദ്യാധരനെ എത്തിച്ചിരുന്നു.

എന്നാൽ ശാരീരിക അസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്ന് ചികിത്സകൾ ഫലപ്രദമായില്ല. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.