തൊടുപുഴയിൽ കാണാതായ പതിനാറുകാരിയെയും പതിനേഴുകാരിയെയും കണ്ടെത്തിയത് ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം തിരുപ്പൂരില്‍


തൊടുപുഴ: തൊടുപുഴയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കണ്ടെത്തി. രണ്ടുപേരെയും തിരുപ്പൂരിൽ നിന്നാണ് കേരള പോലീസ് കണ്ടെത്തിയത്. രണ്ട് ആണ്‍സുഹൃത്തുക്കൾക്കൊപ്പമാണ് ഇരുവരെയും കണ്ടെത്തിയത്. 16-ഉം 17-ഉം വയസ്സുള്ള പെണ്‍കുട്ടികളെയും 19-ഉം 21-ഉം വയസ്സുള്ള ആണ്‍കുട്ടികളെയുമാണ് തിരുപ്പൂര്‍ തിരുമുരുകന്‍പൂണ്ടിയിലുള്ള ഒരു മിനറല്‍ വാട്ടര്‍ ബോട്ടിലിങ് യൂണിറ്റില്‍ ജോലിയെടുക്കുന്നതായി കണ്ടെത്തിയത്.

തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ എന്‍ എസ് റോയിയും സംഘവും തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.നാലുപേരെയും ബുധനാഴ്ച തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കി തുടര്‍നടപടികള്‍ ആരംഭിച്ചതായി കേരള പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആണ്‍കുട്ടികളുടെ പേരില്‍ കേസെടുക്കുമെന്ന് പൊലീസ് സൂചന നല്‍കി. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് കുറച്ചു നാളുകള്‍ക്ക് മുമ്പ് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സൂചനകളുടെ അടിസ്ഥാനത്തില്‍ തിരുപ്പൂരിലെത്തിയ കേരള പൊലീസ് സംഘം തിരുപ്പൂര്‍ സിറ്റി പൊലീസിന്റെയും അവിടത്തെ മലയാളികളുടെയും സഹായത്തോടെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ നാലുപേരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന്, സിറ്റി പൊലീസിലെ ഒരു ഉദ്യോഗസ്ഥന് ലഭിച്ച സൂചനയുടെ സഹായത്തോടെയാണ് നാലുപേരെയും കണ്ടെത്താനായത്.