കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അമ്മ വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തല. ‘അമ്മ’ കുറ്റക്കാരെ സംരക്ഷിക്കില്ല. കുറ്റക്കാരെ അമ്മക്ക് ഒപ്പം നിര്‍ത്തില്ല. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഇല്ല. പവര്‍ ഗ്രൂപ്പ് എന്നത് ബാലിശമായ പരാമര്‍ശമാണ്’, ജയന്‍ ചേര്‍ത്തല പ്രതികരിച്ചു.
‘അമ്മയുടെ പ്രതികരണം വൈകിയതില്‍ വിഷമമുണ്ട്. റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്ത് വരട്ടെ. അമ്മ കൃത്യമായി പ്രതികരിക്കും. അമ്മ നേരത്തെ പ്രതികരിക്കേണ്ടതായിരുന്നു എന്ന് വാദിക്കുന്നയാളാണ് താന്‍. പക്ഷേ, ന്യായീകരിക്കുകയല്ല, സാങ്കേതിക വിഷയമായിരുന്നു തടസ്സം’, അദ്ദേഹം ചൂണ്ടിക്കാട്ടി.
അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ഷോ എഗ്രിമെന്റ് വെച്ചിരുന്നു. ഇതിന്റെ ഭാഗമായി 17-ാം തിയ്യതി മുതല്‍ ഹോട്ടലില്‍ റിഹേഴ്‌സല്‍ ക്യാമ്പ് നടക്കുകയാണ്.
ഈ സമയത്ത് ഫോണുള്‍പ്പെടെ കണക്റ്റിവിറ്റി ഇല്ലാത്ത സമയത്താണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് അറിയുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് കൃത്യമായി അറിയാത്തത് മൂലമാണ് സെക്രട്ടറിയും പ്രസിഡന്റും പിന്നീട് പ്രതികരിക്കാമെന്ന് അറിയിച്ചതെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.