സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമം: മഹാരാഷ്ട്രയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍


മുംബൈ : ഓഗസ്റ്റ് 24ന് മഹാരാഷ്ട്ര ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മഹാവികാസ് അഘാഡി സഖ്യത്തിലെ അംഗങ്ങളായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എന്‍സിപി ശരദ് പവാര്‍, കോണ്‍ഗ്രസ് എന്നിവര്‍ ബന്ദിന് ആഹ്വാനം ചെയ്തത്.

താനെ ജില്ലയിലെ ബദ്ലാപുരില്‍ നഴ്‌സറിക്കുട്ടികളെ പീഡിപ്പിച്ച കേസ് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് ബന്ദ്. സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ജനക്കൂട്ടം വന്‍ പ്രതിഷേധം നടത്തുകയും ട്രെയിന്‍ ഗതാഗതമുള്‍പ്പെടെ തടയുകയും ചെയ്തിരുന്നു. ജനങ്ങളുടെ വികാരങ്ങളോട് നിര്‍വികാരത പുലര്‍ത്തുന്ന കുടിലബുദ്ധിക്കാരനാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു

അതേസമയം, കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ മകന് വധശിക്ഷ നല്‍കണമെന്ന് മുംബൈയില്‍ നഴ്‌സറിക്കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ മാതാവ്. മകന്‍ അങ്ങനെയൊരു തെറ്റുചെയ്യില്ലെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. നിലവില്‍ എട്ടു സംഘങ്ങളായി തിരിഞ്ഞ് പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്‌കൂളിലെ ശുചീകരണ ജീവനക്കാരനാണ് കേസിലെ പ്രതി.