ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടു മിക്ക പനിക്കഥകളിലെയും വില്ലനാണ് കൊതുക്. കൊതുകിനെ അകറ്റാൻ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്കിറ്റോ വേപ്പറൈസർ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല. എന്നാൽ, കൊതുക് പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിർത്താനുമൊക്കെ ചില നാടൻ മാർഗങ്ങളുമുണ്ട്.
കൊതുകിൽ നിന്ന് രക്ഷ നേടാനുള്ള ഉത്തമമാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്തു വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുകു വരില്ല. വെളുത്തുള്ളി ചതച്ചു ചാറെടുത്തു ശരീരത്തിൽ പുരട്ടിയാലും കൊതുകു കടിയിൽ നിന്നു രക്ഷ നേടാം. വീടിനുള്ളിൽ കർപ്പൂരം കത്തിച്ചു വച്ചാലും കൊതുകുകൾ അടുക്കില്ല.രൂക്ഷഗന്ധമുള്ള വേപ്പെണ്ണ കൊതുകുകളെ അകറ്റും. വേപ്പെണ്ണയും വെളിച്ചെണ്ണയും ചേർത്ത ശരീരത്തു പുരട്ടുന്നത് കൊതുകുകടിയിൽ നിന്ന് രക്ഷിക്കും.
നാരങ്ങ രണ്ടായി മുറിച്ച് ഓരോ കഷണത്തിലും ഒരു ഗ്രാമ്പു വീതം കുത്തി നിർത്തിയ ശേഷം മുറിയിൽ സൂക്ഷിച്ചാൽ കൊതുക് ശല്യം ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. നാട്ടിൻ പുറങ്ങളിൽ സമൃദ്ധമായി കണ്ടു വരുന്ന തുമ്പ ചെടി പറിച്ചു ചിരട്ടക്കനലിനു മുകളിൽ വച്ചു സന്ധ്യാനേരങ്ങളിൽ പുകച്ചാലും കൊതുക് ശല്യം ഉണ്ടാകില്ല.